അത്തിക്കയത്ത് അനധികൃത കെട്ടിട നിർമാണമെന്ന് പരാതി
text_fieldsറാന്നി: അത്തിക്കയം ജങ്ഷനിൽ ചട്ടങ്ങൾ മറികടന്ന് അനധികൃത കെട്ടിട നിർമാണം നടക്കുന്നതായി പരാതി. ദൂരപരിധി ലംഘിച്ച് തോട് കയ്യേറിയുള്ള നിർമാണം തടയണമെന്ന ആവശ്യവുമായി ആര്.ഡി.ഒക്ക് പരാതി നല്കി പൊതുപ്രവർത്തകൻ. അത്തിക്കയം-ചെമ്പനോലി- വെച്ചൂച്ചിറ പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്നാണ് ദൂരപരിധി ലംഘിച്ച് കെട്ടിട നിർമാണം നടക്കുന്നത്. പമ്പാനദിയിൽ എത്തിച്ചേരുന്ന കരണംകുത്തി തോട് കയ്യേറി വശം കെട്ടിയാണ് കെട്ടിട നിർമാണം.
ഒരു വിളിപ്പാടകലെ പ്രവർത്തിക്കുന്ന പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് നിർമാണമെന്നും ആക്ഷേപമുണ്ട്. റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലാണ് തോട് സ്ഥിതി ചെയ്യുന്നത്. കുത്തനെ ചരിവുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് തൂണില്‍ കെട്ടിയുയർത്തി വന്‍ വ്യാപാര സമുച്ചയം നിർമിക്കുകയാണ് ലക്ഷ്യം. തോടിന്റെ വീതി കുറച്ച് കെട്ടിയെടുത്തതിനാൽ ഇവിടെ വെള്ളപ്പൊക്ക സാധ്യത വർധിച്ചിരിക്കുകയാണ്. അനധികൃത നിർമാണമെന്ന് ആരോപണമുയർന്നിട്ടും അധികൃതർ പരിശോധന നടത്താത്തത് ഉടമക്ക് ഒത്താശ ചെയ്യുന്നതുകൊണ്ടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ദൂരപരിധി ലംഘിച്ചുള്ള അനധികൃത നിർമാണം പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകൻ അനില്‍ അത്തിക്കയമാണ് തിരുവല്ല ആർ.ഡി.ഒക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.