ആദ്യ സമ്പൂർണ നേത്രദാന ഗ്രാമമായി മാറാൻ വെച്ചൂച്ചിറ
text_fieldsറാന്നി: കേരളത്തിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമപഞ്ചായത്തായി മാറുവാൻ വെച്ചൂച്ചിറ ഒരുങ്ങുന്നു. അന്ധരായ മനുഷ്യർക്ക് കണ്ണുകൾ ദാനമായി നൽകുന്നതിന് നേത്രദാനം പ്രോത്സാഹിപ്പിക്കുന്ന ‘കാഴ്ച’ നേത്രദാന സേന സംഘടനയുമായി ചേർന്നാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് തുടക്കംകുറിക്കുന്നത്.
ഈമാസം 24 മുതൽ നവംബർ 15വരെ പഞ്ചായത്തിലെ 15 വാർഡുകളിലുമായി ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ, നേത്രചികിത്സ ക്യാമ്പുകൾ, നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങൽ , മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. 24ന് ഉച്ചക്ക് 2.30ന് വെച്ചൂച്ചിറ സി.എം.എസ് എൽ.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കാഴ്ച നേത്രദാന സേന ചെയർമാൻ പ്രശസ്ത സംവിധായകൻ ബ്ലസി ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് അധ്യക്ഷതവഹിക്കും. കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു മുഖ്യാതിഥിയായിരിക്കും. ഗ്രാമപഞ്ചായത്ത് ഭരണസമതി, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വെച്ചൂച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം, പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ, വായനശാലകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വെച്ചൂച്ചിറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും കണ്ണുകൾ മരണശേഷം ദാനമായി നൽകി സമൂഹത്തിനാകെ മാതൃകയാവുന്ന പദ്ധതിക്കാണ് വെച്ചൂച്ചി പഞ്ചായത്ത് തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.