വനമേഖല പ്രകൃതിരമണീയം; ഇപ്പോൾ മാലിന്യനിക്ഷേപ കേന്ദ്രം
text_fieldsറാന്നി: പ്രകൃതിരമണീയമായ വനമേഖലയെ സാമൂഹിക വിരുദ്ധരുടെ നേതൃത്വത്തില്‍ മാലിന്യം നിക്ഷേപിച്ചു നശിപ്പിക്കുന്നതായി പരാതി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പൊന്തന്‍പുഴ വനമേഖലയെ ആണ് മാലിന്യം തള്ളുന്നതു വഴി നശിപ്പിക്കുന്നത്. മത്സ്യ, മാംസാവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞ പച്ചക്കറികളും വീടുകളിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുമാണ് തള്ളുന്നത്. ദുര്‍ഗന്ധവും ഈച്ചശല്യവും മൂലം പ്രദേശത്ത് സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്.
പൊന്തന്‍പുഴ വനം ചെറിയ ടൂറിസം സ്ഥലമാണ്. പ്ലാച്ചേരി വനം സ്റ്റേഷനോട് ചേർന്നു കിടക്കുന്ന പ്രദേശം. ഷോർട് ഫിലിം പിടിക്കാനും കല്യാണ ആൽബം ഷൂട്ട് ചെയ്യാനും ദീര്‍ഘദൂര വാഹന യാത്ര ചെയ്യുന്നവർ വിശ്രമിക്കാനുമൊക്കെ ഉപയോഗിക്കുന്ന സ്ഥലം. കുറെ കാലം മുമ്പ് ‘ക്യാപ്റ്റൻ’ സിനിമയും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇത്ര മനോഹരമായ ഒരു പ്രകൃതിയെ ആണ് നശിപ്പിക്കുന്നത്.
പ്ലാച്ചേരിക്കും പൊന്തൻപുഴക്കും ഇടയിലുള്ള ഈ വനത്തിലൂടെ നടന്നാൽ പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്ത ഒരു സ്ഥലം പോലും ഇല്ല. വനത്തിന്റെ നടുവിലായി ഒരു കോളനിയിലെ കുടുംബങ്ങൾക്ക് മുഴുവൻ കുടിവെള്ളം നൽകിയിരുന്ന പമ്പുഹൗസ് ഉണ്ടായിരുന്നു. അതിന്റെ കിണറിന്റെ സമീപത്തായി കക്കൂസ് മാലിന്യം നിക്ഷേപിച്ചതു മൂലം കുടിവെള്ളമായി ഉപയോഗിച്ചിരുന്ന വെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗക്കേണ്ട സ്ഥിതി എത്തി.
പത്തനംതിട്ട, കോട്ടയം ജില്ല അതിര്‍ത്തിയിലെ ഈ വനമേഖലയില്‍ മാലിന്യം തള്ളുന്ന വിഷയം പരാതി ആയതോടെ കോട്ടയം ജില്ല കളക്ടർ സ്ഥലത്തെത്തി നേരിട്ടു കാണുകയും ചെയ്തിരുന്നു. അന്ന് മണിമല പൊലീസും പ്ലാച്ചേരിയിലെ വനം അധികൃതരും വാഹന പരിശോധന ശക്തമാക്കിയിരുന്നു. കുറച്ചു നാൾ മാത്രമായി പരിശോധന കഴിഞ്ഞതോടെ വീണ്ടും പഴയ പടി മാലിന്യം തള്ളി വനത്തെ നശിപ്പിക്കുന്ന പരിപാടി ചിലർ തുടരുകയാണ്. കാമറ സ്ഥാപിക്കുക അല്ലാതെ ഈ വിഷയത്തിൽ മറ്റൊരു പരിഹാര മാർഗം ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.