മാലിന്യസംസ്കരണം കീറാമുട്ടിയായി റാന്നിയിലും
text_fieldsറാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് പിന്നാലെ മാലിന്യ സംസ്കരണ പ്രശ്നത്തിൽ റാന്നി ഗ്രാമപഞ്ചായത്തും അതേ വഴിയെ. വീടുകളിൽനിന്ന് ഹരിത കര്‍മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യം എം.സി.എഫിനും ചുറ്റും ചിതറിക്കിടക്കുന്നത് നാട്ടുകാർക്ക് ബാധ്യതയായി മാറി. വലിയകലുങ്ക് ജങ്ഷനില്‍നിന്ന് തുടങ്ങുന്ന പള്ളിക്കാല റോഡിലാണ് നാട്ടുകാര്‍ക്ക് ബാധ്യതയായി എം.സി.എഫ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണാവശിഷ്ടം അടക്കമുള്ള മാലിന്യമാണ് ഇത്തരത്തിൽ വഴിയരികിൽ ചിതറിക്കിടക്കുന്നത്. പരിസരത്ത് ദുര്‍ഗന്ധം ഏറിയതോടെ കാട്ടുപന്നികള്‍ വിഹരിക്കുകയാണ്. എലി ശല്യവും കൂടുതലായി.
മത്സ്യമാംസങ്ങള്‍ വില്‍ക്കുന്ന ചന്തകളില്‍പോലും ഇത്രയും ദുര്‍ഗന്ധം ഉണ്ടാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേനല്‍ മഴ ശക്തമായതോടെ മാലിന്യം റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്. വീടുകളില്‍നിന്ന് 50 രൂപ യൂസര്‍ഫീ നല്കി ശേഖരിക്കുന്ന മാലിന്യം ഇങ്ങനെ അലക്ഷ്യമായി സൂക്ഷിക്കാനാണെങ്കില്‍ എന്തിനാണ് ഹരിതകര്‍മ സേനയുടെ ഇടനിലയെന്നും ആരോപണമുയരുന്നുണ്ട്. മാലിന്യം ശേഖരിക്കുന്നവര്‍ ഓടകളില്‍ നിക്ഷേപിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍, വിഷയം ശ്രദ്ധയില്‍പെട്ടെന്നും കൃത്യമായ ഇടപെടലുണ്ടാകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. പ്രകാശ് അവകാശപ്പെട്ടു. പൂര്‍ണമായും പ്ലാസ്റ്റിക്, മാലിന്യരഹിത പഞ്ചായത്തായി റാന്നിയെ മാറ്റാനുള്ള ശ്രമത്തിലാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇതുവരെ 34,000 കിലോ പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മ സേന ശേഖരിച്ചതായും അദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.