പമ്പാനദിയുടെ തീരങ്ങളിൽ വ്യാപക കൈയേറ്റം
text_fieldsറാന്നി: റാന്നി മേഖലയില്‍ പമ്പാനദിയുടെ തീരങ്ങളില്‍ വ്യാപക കൈയേറ്റം. തീരത്ത് കൈയേറിയ സ്ഥലങ്ങള്‍ മതിൽ കെട്ടിത്തിരിച്ച് കൃഷിയും ഇറക്കിത്തുടങ്ങി. പരാതി ഉന്നയിച്ചിട്ടും അധികൃതർ അനങ്ങുന്നില്ല. 2018ലെ പ്രളയത്തില്‍ നദിയില്‍ ചളിയടിഞ്ഞ് രൂപപ്പെട്ട തുരുത്തുകളും മണ്‍തിട്ടകളുമാണ് കൈയേറിയിരിക്കുന്നത്. ലോക്ഡൗണിന്‍റെ സമയത്താണ് കൈയേറ്റം വ്യാപകമായത്.
കൈയേറിയ സ്ഥലങ്ങള്‍ സർവേ നടത്തി ഒഴിപ്പിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി. റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിൽ ഇത്തരത്തിൽ കൃഷിയിറക്കിയാണ് പമ്പാനദിയുടെ തീരങ്ങൾ കൈയേറുന്നത്. ചിലയിടങ്ങളിൽ പ്ലാസ്റ്റിക് വല കെട്ടി തിരിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ കല്ലുകെട്ടിയും തിരിക്കുന്നു. അത്തിക്കയം പാലം മുതല്‍ മുകളിലേക്ക് സഞ്ചരിച്ചാല്‍ വിവിധ സ്ഥലങ്ങളില്‍ വ്യക്തികള്‍ തീരങ്ങള്‍ വ്യാപകമായി കൈയേറിയിരിക്കുന്നത് കാണാനാകും. അത്തിക്കയം ജങ്ഷനില്‍നിന്ന് സഹകരണ ബാങ്കിലേക്ക് പോകുന്ന റോഡിലെ പാലത്തിന് സമീപം വ്യാപകമായി സ്ഥലം കൈയേറി മതിലുകള്‍ കെട്ടിത്തിരിച്ച് നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്.
പാലം മുതല്‍ തുടങ്ങുന്ന കൈയേറ്റം കിലോമീറ്ററുകള്‍ ദൂരെ വരെയുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ കൃഷിയും ഇറക്കിത്തുടങ്ങിയിട്ടുണ്ട്. പമ്പാനദിയില്‍ ചേരുന്ന കരണംകുത്തി തോടിന്‍റെ സ്വാഭാവിക ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. നദിയുടെ തിട്ടയോട് ചേര്‍ന്ന് തെങ്ങുകള്‍ വെച്ചുപിടിപ്പിക്കുകയാണിവര്‍. നദിയുടെ സ്വാഭാവിക വീതി പലയിടത്തും കുറഞ്ഞിട്ടുണ്ട്. അടിയന്തരമായി കൈയേറ്റ സ്ഥലങ്ങള്‍ സർവേ നടത്തി ഒഴിപ്പിച്ചെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.