മുന്നറിയിപ്പ് കൂടാതെ വൈദ്യുതി വകുപ്പ് ജീവനക്കാർ കൃഷിത്തോട്ടത്തിലെ വാഴയും തെങ്ങും മുറിച്ചു
text_fieldsറാന്നി: മുന്നറിയിപ്പ് കൂടാതെ വൈദ്യുതി വകുപ്പ് ജീവനക്കാർ കൃഷി തോട്ടത്തിലെ വാഴയും തെങ്ങും മുറിച്ചതായി കര്‍ഷകന്റെ പരാതി. ചെറുകോൽ ഒലിപ്പുറത്ത് വർഗീസ് സൈമൺ ആണ് പരാതി നല്‍കിയത്. വാഴ,തെങ്ങ് എന്നിവ കൃഷി ചെയ്തിരിക്കുന്ന തന്റെ പറമ്പിലൂടെ കെ.എസ്.ഇ.ബിയുടെ 11 കെവി ലൈനും ചണ്ണമാങ്കൽ ലക്ഷം വീട് കോളനിയിലേക്കുള്ള എല്‍.ടി ലൈനും കടന്നുപോകുന്നുണ്ട്.
യാതൊരു മുന്നറിയിപ്പും കൂടാതെ വൈദ്യുതി വകുപ്പ് ജീവനക്കാർ തന്റെ വാഴയുടെ കൈകളും തെങ്ങിന്റെ ഓലയും വെട്ടുന്നത് സ്ഥിരമാണെന്ന് പരാതിയില്‍ പറയുന്നു. ഇതുകാരണം വലിയ നഷ്ടമാണ് തനിക്ക് ഉണ്ടാകുന്നത്. കഴിഞ്ഞയാഴ്ച വീണ്ടും ജീവനക്കാർ താൻ അറിയാതെ കൃഷി തോട്ടത്തിൽ കയറി നിരവധി തെങ്ങുകളുടെ ഓലകളും ഒരു തെങ്ങിന്റെ മുകൾ ഭാഗം മുഴുവനായും മുറിച്ചുകളഞ്ഞു.
ഓലകൾ മുറിച്ച തെങ്ങിൽ നിന്ന് ഒരുപാട് കരിക്കുകൾ കൊഴിഞ്ഞുപോയതായും പരാതിയില്‍ പറഞ്ഞു. മുകൾ ഭാഗം മുറിച്ച തെങ്ങ് പൂർണമായും നശിച്ചു. ഇത് സംബന്ധിച്ച് പരാതി വകുപ്പിന്റെ കോഴഞ്ചേരി സെക്ഷന്‍ ഓഫീസിൽ പറഞ്ഞെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് അദേഹം പറഞ്ഞു.
തന്റെ കൃഷിതോട്ടത്തിനോട് ചേർന്നുള്ള പലനിൽക്കുന്നതിൽ പടി -ചണ്ണമാങ്കൽ റോഡിൽ കൂടി 11 കെവി ലൈൻ കടന്നുപോകാൻ സൗകര്യമുണ്ട്. അതിനു ആവശ്യമായ തൂണുകളും ഈ റോഡിൽ ഉണ്ട്. ചണ്ണമാങ്കൽ ലക്ഷം വീട് കോളനിയിലേക്കും റോഡ് ഉണ്ട്.
കോളനിയിലേക്ക് ഉള്ള റോഡിലൂടെ ഈ ലൈനും കടത്തി വിടാവുന്നതാണ്. ഇത് സംബന്ധിച്ചു നവകേരള സദസ്സിലൂടെ വൈദ്യുതി മന്ത്രിക്ക് നിവേദനം കൊടുത്തെങ്കിലും കോളനിയിലേക്കുള്ള ലൈൻ മാറ്റി സ്ഥാപിക്കാൻ പണം അടക്കണം എന്നാണ് ഉദ്യോഗസ്ഥർ തന്നെ അറിയിച്ചതെന്നും വര്‍ഗീസ് പറയുന്നു. കര്‍ഷകദ്രോഹ നടപടികള്‍ ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വര്‍ഗീസിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.