പത്തനംതിട്ടയിൽ ഇന്നും ‘റെഡ്’; നാളെ യെല്ലോ അലര്‍ട്ട്
text_fieldsപത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്. ഈമാസം 25 വരെ മഞ്ഞ അലര്‍ട്ടാണ് ജില്ലയിൽ.
ഒരു കാരണവശാലും നദികളില്‍ ഇറങ്ങരുത്
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികളില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീന്‍പിക്കാനോ ഇറങ്ങരുത്. നദികള്‍ മുറിച്ചുകടക്കുന്നതും ഒഴിവാക്കണം. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കുകയും വേണം.
വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം-കലക്ടര്‍
കാലവര്ഷഭാഗമായി ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടഭീക്ഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളും ശാഖകളും ബന്ധപ്പെട്ടവര്‍ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ എസ്. പ്രേം കൃഷണന് അറിയിച്ചു.
എല്ലാ വകുപ്പുകളുടെയും ഭൂമിയില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും നടപടി സ്വീകരിക്കണം. സ്വകാര്യഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായി ലഭിച്ച പരാതികളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം; ജാഗ്രത പുലര്‍ത്താം
ശക്തമായി തുടരുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കുടുതല്‍ സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കും കാരണമാകാം. ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.