‘ശബരിമല തീർഥാടനത്തോടനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപ്പണിഎത്രയും വേഗം പൂർത്തിയാക്കണം’
text_fieldsപത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ഏഴംകുളം-കൈപ്പട്ടൂർ റോഡിലെയും പത്തനംതിട്ട നഗരത്തിലെ റോഡ് നവീകരണ പ്രവർത്തനവും എത്രയും വേഗം പൂർത്തിയാക്കണം. അബാൻ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് ഭൂവുടമസ്ഥരുടെ യോഗം ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു.
പുളിക്കീഴ് പൊലീസ് സ്റ്റേഷൻ നിർമാണത്തിന് ആവശ്യമായ തുക മുഴുവൻ ലഭ്യമാക്കണമെന്ന് വകുപ്പിനോട് നിർദേശിക്കുമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് സർവേ നടപടികൾ മുൻഗണന നൽകി പൂർത്തിയാക്കണമെന്നും എം.എൽ.എ പറഞ്ഞു. ഓമല്ലൂർ ക്ഷേത്ര ജങ്ഷനിൽ പുറമ്പോക്ക് സ്ഥലത്തെ കട നിർമാണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പത്തനംതിട്ട റിങ് റോഡിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പൊതുമരാമത്ത്, തഹസിൽദാർ, നഗരസഭ സംയുക്ത പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരത്തിൽ വിവിധ ഭാഷകളിൽ ദിശാ ബോർഡുകൾ സ്ഥാപിക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷൻ സക്കീർ ഹുസൈൻ പറഞ്ഞു. കലക്ടർ എ. ഷിബു, എ.ഡി.എം ബി. രാധകൃഷ്ണൻ, ജില്ല പൊലീസ് മേധാവി വി. അജിത്, ജില്ല പ്ലാനിങ് ഓഫിസർ എ.എസ്. മായ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.