ശുദ്ധജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കൽ പുരോഗമിക്കുന്നു
text_fieldsപത്തനംതിട്ട: പട്ടണത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ ശുദ്ധജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കൽ പുരോഗമിക്കുന്നു. അബാൻ ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെയുള്ള ജോലിയാണ് നടക്കുന്നത്. കുറെ ഭാഗത്ത് പൈപ്പ് സ്ഥാപിച്ചു. മറ്റിടങ്ങളിൽ റോഡിന്റെ വശത്ത് കുഴിയെടുത്തു കൊണ്ടിരിക്കയാണ്.
ജല വിതരണം നടത്തുന്ന പൈപ്പുകൾക്കു 35 വർഷത്തിലേറെ പഴക്കമുണ്ട്. അച്ചൻകോവിലാറിലെ കല്ലറക്കടവിൽ നിന്നാണ് വെള്ളം പമ്പു ചെയ്യുന്നത്. ഇത് പാമ്പൂരിപ്പാറ സംഭരണിയിൽ എത്തിച്ചു ശുദ്ധീകരിച്ചു വിതരണത്തിന് തുറന്നുവിടുമ്പോൾ പൈപ്പ് പൊട്ടി നഗരത്തിലെ റോഡുകൾ തകരുന്നത് പതിവായിരുന്നു. ഇതിനു പരിഹാരമായാണ് 11.5 കോടി ചെലവിൽ കിഫ്ബി പദ്ധതിയിൽ പുതിയവ സ്ഥാപിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന മുഴുവൻ പഴയ പൈപ്പും മാറ്റിയാണ് പുതിയത് സ്ഥാപിക്കുന്നത്.
2021 സെപ്റ്റംബറിലാണ് നിർമാണോദ്ഘാടനം നടന്നത്. ഇനി തിരക്കേറിയ സെൻട്രൽ ജങ്ഷനിലേക്ക് എത്തുന്ന പ്രധാന റോഡുകളിലാണ് ഇടാനുള്ളത്. സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്നുള്ള ടി.കെ റോഡ് ഭാഗം, ജനറൽ ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ റോഡ്, കൈപ്പട്ടൂർ റോഡിൽ സ്റ്റേഡിയം വരെ, കെ.എസ്.ആർ.ടി.സി റോഡ്, സ്വകാര്യ ബസ്സ്റ്റാൻഡ് ഭാഗം, എസ്.പി ഓഫിസ് ജങ്ഷൻ എന്നിവിടങ്ങളിലാണ് പൈപ്പ് ഇടാനുള്ളത്. ആകെ 23 കിലോമീറ്ററിലാണ് പൈപ്പ് മാറ്റുന്നത്.
അച്ചൻകോവിലാറിൽനിന്ന് പമ്പു ചെയ്യുന്ന വെള്ളം പാമ്പൂരിപ്പാറയിലെ സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിക്കും. ഇതിനു ശേഷം വിവിധ സ്ഥലങ്ങളിലെ സംഭരണികളിൽ നിറച്ച് വിതരണം നടത്തും. പാമ്പൂരിപ്പാറയിൽനിന്ന് വിവിധ ടാങ്കുകളിലേക്കുള്ള പ്രധാന പൈപ്പ് ലൈനിന് ഉപയോഗിക്കുന്നത് 500 എം.എം വ്യാസമുള്ള പൈപ്പാണ്.
വിതരണ ശൃംഖലക്ക് 110 എം.എം വ്യാസമുള്ള പി.വി.സി പൈപ്പുമാണ് ഉപയോഗിക്കുന്നത്. ടൗണിലെ തിരക്കേറിയ ഭാഗങ്ങളിൽ റോഡ് കുഴിക്കുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഇതുകാരണം പണികൾ നീണ്ടുപോകുന്നുണ്ട്.രാത്രിയാണ് ചില ഭാഗത്തെ പണികൾ നടക്കുന്നത്. പൈപ്പിട്ട ഭാഗത്ത് മണ്ണ് നന്നായി നിരപ്പാക്കാകാതെ കിടക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.