വാ മൈലപ്രയിലേക്ക്... കൗമാര കലയ്ക്ക് പത്തനംതിട്ടയിൽ തിരിതെളിഞ്ഞു
text_fieldsപത്തനംതിട്ട: മലയോര ജില്ലക്ക് ഇനി നാലുനാൾ കൗമാര പൂരം. കൗമാരകലയ്ക്ക് ബുധനാഴ്ച മൈലപ്രയിൽ തിരിതെളിയുമ്പോൾ ജില്ലയും ആഹ്ലാദത്തിൽ. 11 ഉപജില്ലയിൽനിന്ന് അയ്യായിരത്തോളം പ്രതിഭകളാണ് 160 ഇനങ്ങളിലായി റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ മാറ്റുരക്കുന്നത്. കലോത്സവം, അറബിക് സാഹിത്യോത്സവ്, സംസ്കൃതോത്സവ് ഇനങ്ങളിലാണ് മത്സരങ്ങൾ. അറബിക് സാഹിത്യോത്സവത്തിൽ 20ഉം സംസ്കൃതോത്സവത്തിൽ 16 ഇനങ്ങളിലും മത്സരം നടക്കും.
ആറിടത്തായി 11 വേദികൾ സജ്ജീകരിച്ചു. മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളാണ് മുഖ്യവേദി. ഉപജില്ല മത്സരങ്ങളിലെ അപ്പീലുകൾ അനുവദിക്കുമ്പോൾ മത്സരാർഥികളുടെ എണ്ണം ഉയരും. 209 സ്കൂളുകളിലെ വിദ്യാർഥികളാണ് പ്രതിനിധാനം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ ഒമ്പതിന് മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തും. 10ന് മുഖ്യവേദിയിൽ ഉദ്ഘാടന സമ്മേളനം. കലോത്സവം ശനിയാഴ്ചവരെ നീളും.
രചന മത്സരങ്ങൾക്ക് ഒപ്പം ആദ്യദിവസം കലാമത്സരങ്ങൾക്കും തുടക്കമാകും. നാടകം, ഭരതനാട്യം, മാർഗംകളി, പരിചമുട്ട്, ചവിട്ടുനാടകം തുടങ്ങിയവും ആദ്യദിവസം നടക്കും. ജില്ല ആസ്ഥാനത്തിന് സമീപം നടക്കുന്ന മേളയിലേക്ക് മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ജനകീയ പങ്കാളിത്തം കൂടുമെന്നാണ് പ്രതീക്ഷ. നവംബർ 29 മുതൽ ഡിസംബർ രണ്ടുവരെ തിരുവല്ല തിരുമൂലപുരത്താണ് കഴിഞ്ഞവർഷം കലോത്സവം നടന്നത്.
അന്ന് ഉപജില്ലതലത്തിൽ കോന്നിയും മല്ലപ്പള്ളിയും ജേതാക്കളായി. സ്കൂൾതലത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വി സ്കൂളും പന്തളം എൻ.എസ്.എസ് ഇ.എം.യു.പി.എസും മുന്നിലെത്തി. 658 പോയന്റ് നേടിയ പത്തനംതിട്ട ഉപജില്ലക്കായിരുന്നു ഓവറോൾ. അറബിക് കലോത്സവത്തിൽ ഉപജില്ലയിൽ മല്ലപ്പള്ളിയും കോന്നിയും മുന്നിട്ട് നിന്നപ്പോൾ സ്കൂൾതലത്തിൽ പത്തനംതിട്ട സെന്റ് മേരീസും കോന്നി ഗവ. എച്ച്.എസും ജേതാക്കളായിരുന്നു.
ഇപ്രാവശ്യവും തനത് ഇനങ്ങളുമായി കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് സജീവമാണ്. വെല്ലുവിളി ഉയർത്തി വള്ളംകുളം നാഷനൽ ഹൈസ്കൂളും കൂടുതൽ ഇനങ്ങളുമായി വേദികളിൽ എത്തുന്നുണ്ട്. തിരുവല്ല എം.ജി.എം സ്കൂളും കോഴഞ്ചേരി സെന്റ് മേരീസും മേളയിൽ നിറയും.
കുട്ടികളുടെ പരിശീലനം, കലാ ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവക്ക് ചെലവുള്ളതിനാൽ മേളയിൽ സർക്കാർ സ്കൂളുകൾ പിന്നാക്കമാണ്. സാമ്പത്തിക ശേഷിയുമായെത്തുന്ന എയ്ഡഡ് സ്ഥാപനങ്ങളാണ് മേളയിൽ തിളങ്ങുന്നത്.
വ്യത്യസ്തത പേരുകളുമായി വേദികൾ
മുമ്പ് കലാ സംസ്കാരിക സാഹിത്യമേഖലകളിലെ പ്രമുഖരുടെ പേരുകളായിരുന്നു കലോത്സവ നഗറിലെ വേദികൾക്ക് നൽകിയിരുന്നത്. എന്നാൽ, ഇത്തവണ പേരുകളിൽ പുതുമയുണ്ട്. കൂട്ട്, കരുതൽ, പുഞ്ചിരി, കുട്ടിത്തം, നന്മ, സൗഹൃദം, ലാളിത്യം, ഒരുമ, സ്നേഹം, കനിവ്, സൗമ്യം എന്നിങ്ങനെയാണ് അറിയപ്പെടുക.
തീൻമേശ കൊതിപ്പിക്കും
കലാവിസ്മയംകൊണ്ട് കാണികളുടെ മനസ്സുനിറക്കാൻ എത്തുന്നവരുടെയും ഒപ്പമുള്ളവരുടെയും വയറുനിറക്കാൻ മൈലപ്ര ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ പ്രത്യേക പാചകപ്പുര തയാറായി. ഓമല്ലൂർ അനിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചോളം പേരാണ് ഭക്ഷണം തയാറാക്കുന്നത്. ദിവസവും മൂന്ന് നേരം 3000ത്തോളം പേർക്കാണ് ആഹാരം തയാറാക്കുക. പായസം ഉൾപ്പെടെ സദ്യയാണ് ഉച്ചക്ക് വിളമ്പുന്നതെന്ന് കൺവീനർ ബിനു ജേക്കബ് നൈനാൻ പറഞ്ഞു. പാചകപ്പുരയിലെ പാലുകാച്ചൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നടന്നു.
19ാം വർഷവും കപ്പടിക്കാൻ കിടങ്ങന്നൂർ ‘വിജയാനന്ദ’ വരുന്നു
പത്തനംതിട്ട: 2004 മുതൽ തുടർച്ചയായി പത്തനംതിട്ട റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ വെന്നിക്കൊടി പാറിക്കുന്ന കിടങ്ങന്നൂർ ശ്രീവിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയർസെക്കൻഡറി സ്കൂൾ മൈലപ്രക്കായി കാത്തുവെച്ചിരിക്കുന്നത് ആവനാഴിയിലെ നിറയമ്പുകൾ.
18 വർഷമായി ജില്ല സ്കൂൾ കലാമേളയിൽ സ്കൂൾതലത്തിൽ ഒന്നാമത് നിൽക്കുന്ന അവർ 19ാം വർഷവും വേദിയിൽ നിറഞ്ഞാടും. 302 പോയന്റാണ് കഴിഞ്ഞപ്രാവശ്യം തിരുമൂലപുരത്ത് നടന്ന മേളയിൽ അടിച്ചെടുത്തത്. ഹയർസെക്കൻഡറിയിൽ തുടർചാമ്പ്യൻമാരായ അവർ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലും ഇടക്കിടെ ഓവറോൾ കരസ്ഥമാക്കിയിട്ടുണ്ട്.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും പൂർവവിദ്യാർഥികളും നാട്ടുകാരും അടങ്ങുന്ന കൂട്ടായ്മാണ് ആറന്മുള ഉപജില്ലയിൽപെട്ട ഈ സ്കൂളിന്റെ നാഡീഞരമ്പുകൾ.
സ്കൂൾ നിൽക്കുന്ന കിടങ്ങന്നൂരാണെങ്കിലും നാടിന്റെ അഭിമാനമായ വഞ്ചിപ്പാട്ടിന്റെ വേരുകൾ ആണ്ടിറങ്ങിയത് ആറന്മുളയിലേക്കാണ്. ആലപ്പുഴ ശൈലിയെക്കാൾ വഞ്ചിപ്പാട്ടിൽ ആറന്മുളശൈലിയാണ് പിൻപറ്റുന്നത്. പരമ്പരാഗത കലാരൂപങ്ങളായ പൂരക്കളി, പഞ്ചവാദ്യം തുടങ്ങി തിരുവാതിര, മാർഗംകളി, സംഘനൃത്തം, സംഘഗാനം, ദഫ്മുട്ട്, അറബനമുട്ട് ഇനങ്ങളിലും ഇപ്രാവശ്യം തങ്ങളുടെ അടവുകൾ പുറത്തെടുക്കും.
പൂരക്കളിയിൽ ഇവരെ വെല്ലാൻ സംസ്ഥാനത്ത് മറ്റാരുമില്ല. 2019ലെ കാസർകോട് സംസ്ഥാന കലോത്സവത്തിൽ പൂരക്കളിയിൽ മൂന്നാം സ്ഥാനത്തെത്തി. മുമ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനവും നേടിയിരുന്നു. ഗ്രൂപ്പിനങ്ങൾക്ക് പുറമെ വ്യക്തിഗത ഇനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. 20 മികച്ച നാടകങ്ങൾ സംസ്ഥാനതലത്തിൽ എത്തിച്ചിട്ടുണ്ട്. ആറന്മുള വിമാനത്താവളത്തിന് എതിരായ നിലപാടും ഒരിക്കൽ മേളയിൽ എത്തിച്ചു.
നോവലിസ്റ്റ് എസ്. ഹരീഷിന്റെ മാവോയിസ്റ്റ് കൃതിയും ഇടശ്ശേരിയുടെ പൂതപ്പാട്ടും എസ്.കെ പൊറ്റക്കാടിന്റെയും കെ.ആർ. മീരയുടെയും രചനകളും വിഷയങ്ങളായി. പ്രവാസ സാഹിത്യകാരൻമാരുടെ കൃതികളും വേദിയിൽ ചർച്ച ചെയ്തു.
കലാവാസനയുള്ള കുട്ടികളെ സംഗീത അധ്യാപികയായിരുന്ന സുശീല കണ്ടെത്തി ആദ്യഘട്ട പരിശീലനം നൽകുന്നത്. പൂർവവിദ്യാർഥികളായ ചിലരും പരിശീലകരായുണ്ട്. ഇതിന് പുറമെ അക്ഷരശ്ലോകം, കാവ്യകേളി, പദ്യപാരായണം മലയാളത്തിന് പുറമെ ഉർദു, കന്നട, തമിഴ് തുടങ്ങിയവക്ക് അധ്യാപകർ പരിശീലനം നൽകുന്നു. എല്ലാ സഹായവുമായി നാട് മുഴുവൻ ഒപ്പമുണ്ടെന്ന കരുതലാണ് ഇവിടുത്തെ ഓരോ വിദ്യാർഥിയെയും നയിക്കുന്നത്.
സ്വാഗതഗാനം രചിച്ച് ഫാ. തോമസ് പ്രശാന്ത്
കലാമേളയുടെ ഉദ്ഘാടന യോഗത്തിൽ അവതരിപ്പിക്കുന്ന സ്വാഗതഗാനം രചിച്ചതും ആതിഥേയൻ തന്നെ. ബഥനി സന്യാസിയും മേള നടക്കുന്ന സഭയുടെ കീഴിലെ സ്കൂളുകളുടെ മാനേജറുമായ ഫാ. തോമസ് പ്രശാന്താണ് രചയിതാവ്. പഴയകാല ഓർമയിലേക്ക് കൊണ്ടുപോകുന്നതാണ് ഗാനമെന്ന് അദ്ദേഹം പറഞ്ഞു.
കവിയായ അദ്ദേഹം ലോക്ഡൗണിനുശേഷമാണ് കവിതകൾ സൂക്ഷിച്ചുതുടങ്ങിയതെന്നും വികാരി പറഞ്ഞു. മൈലപ്ര മൗണ്ട് ബഥനി സ്കൂൾ സംഗീത അധ്യാപകനായ രാഗേഷ് പി. രഘുനാഥാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. മൗണ്ട് ബഥനിയിലെ വിദ്യാർഥികളാണ് ഗാനം ആലപിക്കുന്നത്. ഓർക്കസ്ട്ര ഒരുക്കുന്നത് വിൽസൺ പൂങ്കാവ്.
സ്വാഗതഗാനം
കലയുടെ വർണം ചാലിച്ചെഴുതിയ
കനവുകൾ പൂക്കും രാവ്
ഉത്സവമേള പ്രഭതൂകാനായ്
പ്രതിഭകളൊന്നായ് അണയുന്നു
സ്വാഗതം സുസ്വാഗതം
നിറമനമോടെ സ്വാഗതം
മൈലപ്രായിലെ വേദികയിൽ നാം
ഒരുമിച്ചണയും നേരത്തരുളും
സ്വാഗതം സുസ്വാഗതം
നിറമനമോടെ സ്വാഗതം
നിഴലുകൾ നീളുമീ പുലരിയിലെന്നും
പുഞ്ചിരിപോലും വാചാലം
ആഘോഷത്തിൻ അലകളുതിർത്ത്
ആമോദത്തിൻ തിരിതെളിക്കാം
ആമോദത്തിൻ തിരിതെളിക്കാം
നിനവുകൾ പീലി വിടർത്തുമീ രാവിൽ
മിഴികളിൽ വിടരുന്നാനന്ദം
ചിലങ്കയിലുയരും താളലയങ്ങളിൽ
മനമൊരു മുകിലായ് പാറട്ടെ
സർക്കാർ സഹായം നാമമാത്രം: ഇത്തവണയും പണപ്പിരിവ്; കുട്ടികളിൽനിന്ന് 70, അധ്യാപകരിൽനിന്ന് 300
പത്തനംതിട്ട: സർക്കാർ നൽകുന്നത് തുച്ഛമായ തുക ഉപയോഗിച്ച് സ്കൂൾ കലോത്സവങ്ങൾ നടത്താൻ കഴിയാതെ അധ്യാപകർ വലയുന്നു. ജില്ലയിലെ 11 ഉപജില്ലകൾക്കായി കഴിഞ്ഞ തവണ അനുവദിച്ച 19.60 ലക്ഷം രൂപ തന്നെയാണ് ഇത്തവണയും അനുവദിച്ചത്. ഇതാകട്ടെ വിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ എത്തിയിട്ടുമില്ല. അധ്യാപകർ, കുട്ടികൾ എന്നിവരിൽനിന്ന് പണപ്പിരിവ് നടത്തിയാണ് ഇതെല്ലാം പൂർത്തിയാക്കിയത്.
ഇതുകാരണം, പണം തികയാതെ വന്ന ഉപജില്ലകളിൽ നടത്തിപ്പ് കമ്മിറ്റികൾക്ക് ഭീമമായ തുക കടവും വന്നിട്ടുണ്ട്. സർക്കാറിന്റെ ഫണ്ട് വൈകുന്നത് കാരണം, ഒമ്പത് മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽനിന്ന് 70ഉം അധ്യാപകരിൽനിന്ന് 300 രൂപ വീതവുമാണ് പിരിച്ചെടുത്തത്. മറ്റു ജില്ലകളിൽ കലോത്സവത്തിന് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ ഇതിലും കൂടുതൽ രൂപയാണ് പിരിച്ചെടുക്കുന്നത്.
സാധാരണ ഓരോ വർഷം കഴിയുമ്പോഴും കലോത്സവത്തിന് നൽകുന്ന തുകയിൽ 10 ശതമാനം വീതം വർധന വരുത്താറാണ് പതിവ്. എന്നാൽ, ഇത്തവണ സർക്കാർ തുക കൂട്ടി നൽകിയിട്ടില്ല. ആകെ കിട്ടുന്ന 19.60 ലക്ഷത്തിൽ വീതിച്ച് നൽകുമ്പോൾ ഒരു ഉപജില്ലക്ക് കിട്ടുന്നത് 87,272 രൂപ മാത്രമാണ്. മൈലപ്രയിൽ നടക്കുന്ന ജില്ല കലോത്സവവും മുണ്ടുമുറുക്കിയാണ് സംഘാടകർ നടത്തുന്നത്. അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ജില്ല മേളയും നടത്തുന്നത്.
സർവത്ര ചെലവ്
കണക്ക് പരിശോധിച്ചാൽ ഉപജില്ല കലോത്സവങ്ങൾക്ക് നാലു ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. വേദി, ഉച്ചഭാഷിണി, വിധികർത്താക്കൾക്കുള്ള വേതനം ഇതിനെല്ലാം ഫണ്ടിന്റെ നല്ലൊരു വിഹിതം മുടക്കേണ്ടി വരും. ഇതുകൂടാതെ ഭക്ഷണച്ചെലവിന് വെറെ പണം കണ്ടെത്തേണ്ട അവസ്ഥയും. ചില ഉപജില്ലകളിൽ ഭക്ഷണം തയാറാക്കിയത് പ്രദേശവാസികളുടെ സഹായത്തോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.