റോഡിലെ കുഴിയെണ്ണാൻ ഉദ്യോഗസ്ഥ സംഘം ഇന്നും നാളെയും പത്തനംതിട്ട ജില്ലയിൽ
text_fieldsപത്തനംതിട്ട: റോഡുകളിലെ കുഴിപരിശോധിക്കാൻ പൊതുമരാമത്ത് മന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥ സംഘം ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിശോധന നടത്തും. മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫിസിലെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ജില്ലയിൽ സന്ദർശനത്തിന് എത്തുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ 90 റോഡുകളിലും അറ്റകുറ്റപ്പണി വിഭാഗത്തിന്റെ 68 റോഡുകളിലുമാണ് പരിശോധന നടക്കുന്നത്. ഒരു വർഷത്തെ പരിപാലന കരാർ നൽകിയ റോഡുകളാണ് സംഘം പരിശോധിക്കുക.
ഇത്രയും റോഡുകളിൽ രണ്ടു മാസം മുമ്പാണ് അറ്റകുറ്റപ്പണി കരാർ നൽകി പണി തുടങ്ങിയത്. റോഡിൽ കുഴി രൂപപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ അടക്കണമെന്നാണ് കരാർ. ഇല്ലെങ്കിൽ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും എതിരെ നടപടിയുണ്ടാകും. ജൂണിൽ നൽകിയ കരാർ പ്രകാരം 11.5 കോടിയുടെ അറ്റകുറ്റപ്പണിയാണ് 68 റോഡുകളിൽ നടക്കുന്നത്. പരിശോധനക്ക് മുമ്പ് കുഴിയടക്കലും അറ്റകുറ്റപ്പണിയും ജില്ലയിലെങ്ങും വേഗത്തിൽ നടക്കുകയാണ്. എന്നാൽ, കുഴികളെല്ലാം അടച്ചുതീർന്നിട്ടില്ലെന്നാണ് വിവരം. ശക്തമായ മഴയാണ് പല റോഡുകളിലും വില്ലനായതെന്ന് കരാറുകാർ പറയുന്നു.
ജില്ലയിലെ റോഡുകൾക്കായി 2019 മേയിലാണ് അറ്റകുറ്റപ്പണി വിഭാഗം തുടങ്ങിയത്. ആവശ്യത്തിന് ജീവനക്കാരില്ലാതെ വലയുകയാണ് അറ്റകുറ്റപ്പണി വിഭാഗം. അസി. എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് ചുമതലയെങ്കിലും ആഗസ്റ്റ് മുതൽ ഇതിൽ ആളില്ല. മൂന്ന് അസി. എൻജിനീയർമാരും മൂന്ന് ഓവർസിയർമാരും വേണ്ടിടത്ത് രണ്ടുപേർ മാത്രമേയുള്ളൂ. ഡ്രാഫ്റ്റ്സ്മാന്റെ രണ്ട് തസ്തികയിലും നിയമനം നടന്നിട്ടില്ല. ഓരോ സ്ഥലത്തും അറ്റകുറ്റപ്പണി നടക്കുമ്പോൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണമെന്ന വ്യവസ്ഥ പലപ്പോലും പാലിക്കപ്പെടാനാകുന്നില്ലെന്ന് വകുപ്പ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.