ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ‘റോബിൻ ബസ്’സ്റ്റേജ് കാരേജായി സർവിസ് നടത്തിയെന്ന്; അന്തർസംസ്ഥാന സർവിസ് ബസിനെതിരെ കേസെടുത്തു
text_fieldsറാന്നി/പത്തനംതിട്ട: പത്തനംതിട്ടയിൽനിന്ന് റാന്നിവഴി കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന യാത്ര പുറപ്പെട്ട കേരള രജിസ്ട്രേഷൻ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് വീണ്ടും പിടിച്ചെടുത്തു. ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ‘റോബിൻ ബസ്’ സ്റ്റേജ് കാരേജായി സർവിസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
യാത്രക്കാരുടെയും ബസ് ജോലിക്കാരുടെയും ബസ് ഉടമയുടെയും മൊഴി രേഖപ്പെടുത്തി കേസ് എടുത്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, കേന്ദ്ര നിയമപ്രകാരം ഇന്ത്യയിലെവിടെയും സർവിസ് നടത്താൻ അനുമതിയുണ്ടെന്നും സുപ്രീംകോടതിയുടെ പരിരക്ഷയുണ്ടെന്നുമാണ് ബസ് ഉടമയുടെ വാദം.
കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കെ.എൽ 65 ആർ 5999 നമ്പർ ടൂറിസ്റ്റ് ബസ് തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെയാണ് റാന്നിയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒപ്പം റാന്നി പൊലീസും ഉണ്ടായിരുന്നു. യാത്രക്കാരെ ഇറക്കിവിട്ട് ബസ് എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
വിനോദസഞ്ചാരത്തിന് മാത്രം ഉപയോഗിക്കാനുള്ള പെർമിറ്റാണ് നൽകിയതെന്നും സാധാരണ സ്വകാര്യ ബസ് ഓടുംപോലെ ഓരോ സ്റ്റോപ്പിൽനിന്ന് ആളുകളെ കയറ്റിപ്പോകുന്ന സ്റ്റേജ് കാരേജായി ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. കെ.എസ്.ആർ.ടി.സി അധികൃതരുടെ പരാതിയിലാണ് പരിശോധന നടത്തി കേസ് എടുത്തത്. തുടർന്ന് വാഹനം പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തതായും റാന്നി ജോയന്റ് ആർ.ടി.ഒ പറഞ്ഞു
ഒന്നരമാസം മുമ്പ് ഇതേ ബസ് എം.വി.ഡി പിടികൂടിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെന്നും ഉടമ ഗിരീഷ് പറയുന്നു. പുതുക്കിയ കേന്ദ്ര നിയമപ്രകാരം സ്വകാര്യ ബസുകൾക്ക് ഏതുപാതയിലും സർവിസ് നടത്താം. അതനുസരിച്ച് നികുതി അടച്ച് നിരത്തിൽ ഇറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥർ തുടർച്ചയായി പിടികൂടുന്നതെന്നാണ് ഗിരീഷിന്റെ വാദം. സംഭവം അറിഞ്ഞ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
ദീർഘദൂര ബസുകളിലെ വരുമാനത്തിലാണ് കെ.എസ്.ആർ.ടി.സി പ്രധാനമായും പിടിച്ചുനിൽക്കുന്നത്. അതിനാൽ കേന്ദ്ര നിയമം പറഞ്ഞ് സ്വകാര്യ ബസുകൾ റൂട്ടുകൾ കീഴടക്കിയാൽ കോർപറേഷൻ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.