ജനവാസ മേഖലയിൽ പാറമടക്ക് നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപത്തനംതിട്ട: ജനവാസ മേഖലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധം. എഴുമറ്റൂർ പഞ്ചായത്ത് മൂന്നാം വാർഡ് വെരുകനോലിയിലാണ് പുതിയ പാറമടക്ക് നീക്കം. കോട്ടാങ്ങൽ സ്വദേശി സലിമിന്റെ 14 ഏക്കറോളം വരുന്ന സ്ഥലം ഇതിനായി ആലപ്പുഴ തഴക്കര സ്വദേശി കൃഷ്ണപിള്ളക്ക് കൈമാറി. പാറമടയിലേക്കുള്ള വഴിയുടെ നിർമാണം അടക്കം അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. എഴുമറ്റൂർ വില്ലേജ് ഓഫിസർ 50 മീറ്ററിനുള്ളിൽ വീടുകളില്ലെന്ന തെറ്റായ റിപ്പോർട്ട് നൽകിയാണ് പാറമടക്ക് സൗകര്യമൊരുക്കുന്നതെന്ന് ജനകീയ സമിതി ഭാവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിരവധി നിവേദനം നൽകിയിട്ടും സമരം നടത്തിയിട്ടും നടപടി സ്വീകരിക്കാതെ ഇടതുമുന്നണി നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അനുമതി നൽകി പാറമടക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന ആവശ്യവും ചെവിക്കൊണ്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും പരാതി നൽകിയിരുന്നു. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് ഇത്. 50 മീറ്റർ ചുറ്റളവിൽ രണ്ട് വീടുണ്ട്. 100 മീറ്ററിനുള്ളിൽ നിരവധി വീടുകളുള്ള ഇവിടെ കുടിവെള്ള ക്ഷാമം ഇപ്പോൾതന്നെ രൂക്ഷമാണ്. അർബുദമടക്കം മാരകരോഗങ്ങൾമൂലം കഷ്ടപ്പെടുന്ന നിരവധി ആളുകൾ പരിസരത്തെ വീടുകളിലുണ്ട്. പാറമട പ്രവർത്തനം ആരംഭിച്ചാൽ ജീവന് ഭീഷണിമൂലം പല കുടുംബങ്ങൾക്കും വീടൊഴിയേണ്ടി വരും. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ ഇതിനകം തന്നെ ആറ് പാറ പ്രവർത്തിക്കുന്നുണ്ട്. അത് കൂടാതെയാണ് ജനജീവിതം ദുരിതപൂർണമാക്കുന്ന രീതിയിൽ പുതിയ പാറമടക്കും പഞ്ചായത്ത് അനുമതി നൽകിയതെന്നും തീരുമാനം തിരുത്താൻ ഭരണസമിതി തയാറാകണമെന്നും ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെയർപേഴ്സൻ ഉഷാകുമാരി, കൺവീനർ അനിൽകുമാർ, സമിതി അംഗങ്ങളായ പി.കെ. സുരേഷ്, പ്രവീൺ ചാലാപ്പള്ളി, ലാലി പ്രസാദ്, അനിത കുമാരി, ലതാകുമാരി, മഞ്ജുള എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.