ശബരിമല: തീർഥാടകരെ വഴിയിൽ തടഞ്ഞിട്ടും തിരക്കിന് കുറവില്ല
text_fieldsശബരിമല: ഭക്തരുടെ വാഹനങ്ങൾ മണിക്കൂറുകൾ കാനനപാതകളിൽ അടക്കം പിടിച്ചിട്ടിട്ടും നിലക്കലും പമ്പയിലും, സന്നിധാനത്തും തിരക്കിന് ശമനമില്ല.
ഹൈകോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്ന് സന്നിധാനത്ത് ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമെന്ന് വരുത്തി തീർക്കുന്നതിനായി വനപാതയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ചയും വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടു. ഇതരസംസ്ഥാന തീർത്ഥാടകർ കൂടുതലായും കടന്നുവരുന്ന എരുമേലി - ഇലവുങ്കൽ പാതയിലെ പല ഭാഗങ്ങളിലും നൂറുകണക്കിന് വാഹനങ്ങളാണ് തടഞ്ഞിട്ടത്. ഏതാനും ഇടങ്ങളിൽ പേരിന് കുടിവെള്ളവും ബിസ്കറ്റും വിതരണം ചെയ്തെങ്കിലും പമ്പ ലക്ഷ്യമാക്കി നീങ്ങിയ തീർഥാടകർക്ക് ആശ്വാസമേകുന്ന നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലക്കൽ - പമ്പ ചെയിൻ സർവീസ് ആകെ താളം തെറ്റിയ അവസ്ഥയിലാണ്. പൊലീസിന്റെ കടുത്ത നിയന്ത്രണത്തിലാണ് ബസ്സുകൾ പമ്പയിലേക്ക് കടത്തിവിടുന്നത്.
കാനനപാതകളിൽ മണിക്കൂറുകൾ കുടുങ്ങിയശേഷം നിലക്കല്‍ എത്തുന്ന തീർഥാടകർക്ക് പമ്പയിലേക്കുള്ള ബസ്സ് കാത്ത് വീണ്ടും മണിക്കൂറുകൾ ഇരിക്കേണ്ട അവസ്ഥയാണ്.
സിറ്റിംഗ് കപ്പാസിറ്റിയിൽ മാത്രമേ തീർഥാടകരെ കൊണ്ടുപോകാവൂ എന്ന കോടതി നിർദ്ദേശവും പാലിക്കപ്പെട്ടില്ല. ബസ്സുകളിൽ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അപകടകരമായ കൊടുംവളവും കൊക്കകളും നിറഞ്ഞ ഈ പ്രദേശത്തുകൂടി തീർഥാടകരെ കുത്തിനിറച്ച് ബസ്സുകൾ കടത്തിവിടുന്നത് വലിയ ദുരന്തത്തിന് കാരണമായേക്കാം.
കോടതി വിധി അവഗണിച്ചും വാഹനങ്ങൾ പിടിച്ചിട്ട് പൊലീസ്
ശബരിമല: തീർഥാടക വാഹനങ്ങൾ രാത്രിയിൽ കൊടുംവനത്തിൽ പിടിച്ചിടരുതെന്ന ഹൈകോടതി വിധിയെ അവഗണിച്ച് കഴിഞ്ഞ രാത്രിയും കൂട്ടത്തോടെ പൊലീസ് പിടിച്ചിട്ടു. തിരക്ക് നിയന്ത്രണവിധേയമായി നില്ക്കുമ്പോൾ ഇലവുങ്കല്‍-പ്ലാപ്പള്ളി ഭാഗത്തെ കൊടുംവനത്തില്‍ രാത്രിയിലും വാഹനങ്ങള്‍ തടഞ്ഞിട്ടു.
പതിവായി കാട്ടാനശല്യം ഉണ്ടാവുന്ന മേഖലയാണിത്. പമ്പയിലെയും സന്നിധാനത്തെയും തിരക്ക് നിയന്ത്രണവിധേയമായിട്ടും ഇലവുങ്കലില്‍ തടഞ്ഞിട്ട വാഹനങ്ങള്‍ വൈകീട്ട് ഏഴായിട്ടും കടത്തിവിട്ടില്ല. തുടർന്ന് ഭക്തരുടെ പ്രതിഷേധം ശക്തമായതോടെയാണ് മന്ദഗതിയിൽ നിലക്കലിലേക്ക് നീങ്ങാൻ പൊലീസ് അനുവാദം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.