ശബരിമല: തീർഥാടകർക്കായി ഒരുക്കം പൂർണതോതിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു
text_fieldsപത്തനംതിട്ട: ശബരിമലയിൽ പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കാൻ കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ തീരുമാനം. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് യോഗം ചേർന്നത്. കോവിഡ് ഭീഷണിക്കുശേഷം കടന്നുവരുന്ന ഇപ്രാവശ്യത്തെ തീർഥാടന കാലത്ത് കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നുണ്ട്.
യോഗത്തിൽ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. പ്ലാപ്പള്ളി - നിലയ്ക്കല്‍ റോഡ് ശരിയാക്കണമെന്ന് എസ്.പി സ്വപ്നില്‍ മധുകര്‍ മഹാജന് ആവശ്യപ്പെട്ടു. അടൂര്‍ ആർ.ഡി.ഒ എ. തുളസീധരന്‍ പിള്ള, ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍, പന്തളം കൊട്ടാരം പ്രതിനിധി ദീപ വര്‍മ, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തീരുമാനങ്ങൾ:
നിലക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ എല്ലാ ശുചിമുറി കോംപ്ലക്സുകളും നന്നാക്കി തുറക്കും.
പമ്പ ത്രിവേണിയില്‍ നദിയിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള ബാരിക്കേഡ് മുന്‍കൂട്ടി നിര്‍മിക്കും.
ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ വിവരങ്ങള്‍ തിരക്ക് നിയന്ത്രിക്കാനായി പൊലീസിന് മുന്‍കൂട്ടി കൈമാറണം.
ഇടത്താവളങ്ങളും നിലക്കലും ഉൾപ്പെടെ 12 സ്ഥലങ്ങളിലാണ് സ്പോട്ട് ബുക്കിങ് ഉണ്ടാവുക.
സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് താമസിക്കുന്നതിന് എല്ലാ മുറികളും തുറന്നു നല്‍കും.
വിരിവെക്കുന്നതിന് വലിയ നടപ്പന്തല്‍, മാളികപ്പുറം എന്നിവിടങ്ങളിലെ നടപ്പന്തലുകള്‍ക്കു പുറമേ ഒന്‍പത് വിരി ഷെഡ്ഡുകള്‍ സജ്ജമാക്കും.
കാനനപാത ശുചീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ആംബുലന്‍സിന്റെയും വിന്യാസം, മരുന്ന് സംഭരണം തുടങ്ങിയ പ്രവര്‍ത്തനം ആരംഭിച്ചു.
ആന്റി വെനം ആശുപത്രികളില്‍ ലഭ്യമാക്കും. എലഫന്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ്, ഇക്കോ ഗാര്‍ഡ് എന്നിവരെ വനം വകുപ്പ് നിയമിക്കും.
കാനനപാത സമയബന്ധിതമായി തെളിക്കും.
പൊതുമരാമത്ത് നിരത്തുവിഭാഗം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
വിവിധ ഭാഷകളിലുള്ള സൂചന ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കും.
ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ ജില്ല ശുചിത്വമിഷന് പ്ലാസ്റ്റിക് കാരി ബാഗ് എക്സ്ചേഞ്ച് കൗണ്ടര്‍ സ്ഥാപിക്കും.
ശബരിമല സേഫ്സോണ്‍ പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനം, എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് റോഡ് സുരക്ഷ ഉറപ്പാക്കും.
അയ്യപ്പ സേവാസംഘം 24 മണിക്കൂറും പമ്പ, സന്നിധാനം, കരിമല എന്നിവിടങ്ങളില്‍ അന്നദാനം നടത്തും.
ജില്ലയിലെ അപകടകരമായ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.