ശബരി മലദേവസ്വം ബോര്‍ഡ് അനുവദിച്ചാല്‍ നിലക്കലിൽ അന്നദാനം –അയ്യപ്പസേവാ സംഘം
text_fieldsപത്തനംതിട്ട: ശബരിമലയിലും പമ്പയിലും അന്നദാനം നടത്താൻ വിലക്കുവന്ന സ്ഥിതിക്ക് നിലക്കലില്‍ ഭക്തര്‍ക്കായി അന്നദാനം ഒരുക്കാൻ അയ്യപ്പസേവാസംഘം തയാറാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ പറഞ്ഞു.
ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ‘ശബരിമല സുഖദര്‍ശനം’ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ലെ പ്രളയത്തിനുശേഷമാണ് നിലക്കലിനെ ബേസ് ക്യാമ്പായി പ്രഖ്യാപിച്ചത്. പക്ഷേ, നിലവില്‍ അവിടെ ഒരു അടിസ്ഥാനസൗകര്യവുമില്ല. നിലക്കലില്‍ എത്തുന്ന ഭക്തര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്ക്കാന് പോലും സൗകര്യമില്ല.
ഇടത്താവളമായ പമ്പയിലും ശബരിമലയിലും അന്നദാനം ഒരുക്കുന്ന ദേവസ്വം ബോര്‍ഡ് യഥാര്‍ഥത്തില്‍ നിലക്കലിലും അന്നദാനത്തിന് സൗകര്യം ഒരുക്കുകയാണ് വേണ്ടത്. അതിന് പറ്റുന്നില്ലെങ്കില്‍ അനുമതി ലഭിച്ചാല്‍ ഭക്തര്‍ക്ക് ഭക്ഷണം നല്കാന് അയ്യപ്പസേവാ സംഘം തയാറാണ്.
77 വര്‍ഷമായി അയ്യപ്പസേവാസംഘം രൂപവത്കരിച്ചിട്ട്. വര്‍ഷങ്ങളായി സന്നിധാനത്തും പമ്പയിലും അനുബന്ധ പാതകളിലും അന്നദാനം നടത്തിവന്നത് ദേവസ്വം ബോര്‍ഡാണ്.
എന്നാല്‍, പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ ആദ്യമായി അയ്യപ്പസേവാ സംഘത്തിന്റെ അന്നദാനം വിലക്കി. തുടര്‍ന്ന് സംഘം ഹൈകോടതിയെ സമീപിച്ച് അനുകൂലമായി വിധിയുണ്ടായി.
പമ്പയിലും സന്നിധാനത്തും മാത്രമാണ് അന്നദാനത്തില്‍നിന്ന് സംഘത്തെ മാറ്റിനിര്‍ത്തിയിട്ടുള്ളത്. മറ്റ് എല്ലാ താവളങ്ങളിലും അയ്യപ്പസേവാ സംഘം അന്നദാനം നടത്തും. അന്നദാനത്തില്‍നിന്ന് അയ്യപ്പസേവാ സംഘത്തെ മാറ്റിനിര്‍ത്തിയെങ്കിലും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്കുവേണ്ടി ആയിരം വിശുദ്ധി സേനാംഗങ്ങളെ നല്‍കുന്നത് സംഘമാണ്. തമിഴ്നാട് അയ്യപ്പസേവാ സംഘത്തിന് ഇതുസംബന്ധിച്ച അറിയിപ്പ് അധികൃതര്‍ നല്‍കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.