ശബരിമല തീർഥാടനം;സുരക്ഷിത യാത്ര ഉറപ്പാക്കും -മന്ത്രി ആന്റണി രാജു
text_fieldsപത്തനംതിട്ട: ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി തീർഥാടകരുടെ സുരക്ഷിത യാത്രക്ക് ഒരുക്കങ്ങൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും മുന്നൊരുക്കങ്ങൾ പമ്പാ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന ഉന്നതതല യോഗത്തിൽ വിലയിരുത്തുകയായിരുന്നു മന്ത്രി. തീർഥാടകരുടെ യാത്ര സുഗമമാക്കാനും യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനും മോട്ടോർ വാഹന വകുപ്പും കേരള റോഡ് സുരക്ഷ അതോറിറ്റിയും പൊലീസ്, പൊതുമരാമത്ത്, ഫയര്‍ഫോഴ്സ്, ദേവസ്വം ബോര്‍ഡ്, ആരോഗ്യ വകുപ്പ്, ബി.എസ്.എൻ.എൽ തുടങ്ങിയവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ശബരിമല സേഫ്സോൺ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായ നിരന്തര ഇടപെടലുകൾകൊണ്ട് തീർഥാടന കാലത്തെ റോഡ് അപകട തിരക്ക് വലിയതോതിൽ കുറക്കാൻ സാധിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡുകൾ പരിചിതമാകാൻ ലഘു വിഡിയോകള്‍ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സൈൻ ബോര്‍ഡുകളും റിഫ്ലക്ടറുകളും ബ്ലിങ്കറുകളും കോണ്‍വെക്സ് ദര്‍പ്പണങ്ങളും ഹെല്പ് ലൈൻ നമ്പറുള്ള ബോര്‍ഡുകളും വഴിയിലുടനീളം സ്ഥാപിച്ച് സുരക്ഷിത യാത്ര ഉറപ്പുവരുത്തും. മണ്ഡല, മകരവിളക്ക് കാലയളവിൽ കെ.എസ്.ആർ.ടി.സി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അധിക സര്‍വിസുകൾ നടത്തും. തിരക്കിന് അനുസൃതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സര്‍വിസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ അഞ്ചു വരെയുള്ള ആദ്യഘട്ടത്തിൽ 140 ലോ ഫ്ലോർ നോൺ എ.സി, 60 വോള്‍വോ ലോ ഫ്ലോർ എ.സി, 15 ഡീലക്സ്, 245 സൂപ്പര്‍ഫാസ്റ്റ് - ഫാസ്റ്റ് പാസഞ്ചർ, 10 സൂപ്പർ എക്സ്പ്രസ്, മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസും ഡിസംബർ ആറ് മുതലുള്ള രണ്ടാംഘട്ടത്തിൽ 140 നോൺ എ.സി ലോ ഫ്ലോർ, 60 വോള്‍വോ എ.സി ലോ ഫ്ലോർ, 285 ഫാസ്റ്റ് പാസഞ്ചർ - സൂപ്പർ ഫാസ്റ്റ്, 10 സൂപ്പർ എക്സ്പ്രസ്, 15 ഡീലക്സ്, മൂന്ന് ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസും സര്‍വിസ് നടത്തും. മകരവിളക്ക് കാലഘട്ടത്തിൽ വിവിധ ഇനത്തിലുള്ള 800 ബസ് സർവിസിന് വിനിയോഗിക്കും.
വെര്‍ച്വൽ ക്യൂവിനൊപ്പം ടിക്കറ്റും ബുക്ക് ചെയ്യാം
ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വൽ ക്യൂ സംവിധാനത്തിൽ കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾകൂടി ഉള്‍പ്പെടുത്താൻ സൗകര്യമൊരുക്കും. കോട്ടയം, ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനുകളിൽ കെ.എസ്.ആർ.ടി.സി ബസുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവും ഹെല്പ് ഡെസ്ക്കും ആവശ്യാനുസരണം ചാര്‍ട്ടേഡ് ട്രിപ്പും ക്രമീകരിക്കും.
ശബരിമല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ ബസുകൾ അറ്റകുറ്റപ്പണി തീര്‍ത്ത് സർവിസിന് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷ കമീഷണറും ട്രാന്‍സ്പോര്‍ട്ട് കമീഷണറുമായ എസ്. ശ്രീജിത്, കലക്ടർ എ. ഷിബു, ജില്ല പൊലീസ് മേധാവി വി. അജിത്, കെ.എസ്.ആർ.ടി.സി എം.ഡി (ഇൻ ചാര്‍ജ്) എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
14 സ്പെഷൽ സർവിസ് സെന്റർ
ശബരിമല മണ്ഡലപൂജ- മകരവിളക്ക് കാലഘട്ടത്തിൽ 14 സ്പെഷൽ സർവിസ് സെന്ററുകൾ സജ്ജീകരിച്ചു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂർ, കൊട്ടാരക്കര, പമ്പാ, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷൽ സർവിസ് സെന്ററുകൾ. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളിൽനിന്നും ഡിമാന്‍ഡ് അനുസരിച്ച് സർവിസുകൾ ക്രമീകരിക്കും. 40ൽ കൂടുതൽ യാത്രക്കാർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഏത് സ്ഥലത്തുനിന്നും യാത്രക്കാരെ പിക്അപ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. പമ്പാ-നിലക്കൽ ചെയിൻ സർവിസുകൾ അയ്യപ്പഭക്തര്‍ക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കും. ദര്‍ശനം കഴിഞ്ഞ് വരുന്ന ഭക്തര്‍ക്ക് പമ്പയിലെ യൂ-ടേൺ ഭാഗത്ത് മൂന്ന് ബസ് ബേ ക്രമീകരിച്ച് 10 ബസുവീതം തയാറാക്കി നിര്‍ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.