അടൂരിൽ മുന്നൊരുക്കങ്ങൾക്ക് ഒച്ചുവേഗം
text_fieldsഅടൂർ: ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തിനോട് ചേർന്ന അടൂരിൽ മണ്ഡല മകരവിളക്ക് സീസണിലും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ശബരിമല ദർശനത്തിന് ദൂരസ്ഥലങ്ങളിൽനിന്ന് റോഡ് മാർഗം എത്തുന്ന അയ്യപ്പഭക്തരുടെ പ്രധാനകേന്ദ്രമാണ് അടൂർ. അടൂരിൽ എത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ദേവസ്വം ബോർഡിന്റെ രണ്ട് ഇടത്താവളമാണുള്ളത്. കൊല്ലം-പത്തനംതിട്ട ജില്ല അതിർത്തിയായ ഏനാത്ത് എം.സി റോഡിനോട് ചേർന്ന് മഹാദേവ ക്ഷേത്രത്തിലാണ് ഒന്ന്. ജില്ല പഞ്ചായത്ത് നിർമിച്ച് ദേവസ്വം ബോർഡിന് കൈമാറിയതാണ് ഇത്. മണ്ഡലകാല ആരംഭത്തിന് മുമ്പ് തന്നെ ചില സംഘടനകളും നാട്ടുകാരും ചേർന്ന് ഇടത്താവളം സജ്ജമാക്കിയിട്ടുണ്ട്.
രണ്ടാമത്തെ ഇടത്താവളം അടൂർ നഗരമധ്യത്തിലുള്ള പാർഥസാരഥി ക്ഷേത്രത്തിലാണ്. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ സമീപമുള്ള ക്ഷേത്രത്തിൽ ആറുവർഷം മുമ്പ് ദേവസ്വം ബോർഡ് അധികൃതർ ഇടത്താവളം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.ഇക്കുറിയും മണ്ഡലകാലം എത്താറായിട്ടും ഇടത്താവളം ഒരുങ്ങിയിട്ടില്ല. അയ്യപ്പഭക്തർക്ക് വിരിവെക്കാനുള്ള സൗകര്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ ഓഡിറ്റേറിയത്തിന്റെ നവീകരണം എന്നിവയായിരുന്നു പദ്ധതികൾ. ഇടത്താവളത്തിനായി കണ്ടെത്തിയ പഴയ ഊട്ടുപുര സംരക്ഷണമില്ലാതെ ബലക്ഷയം സംഭവിച്ച് കാടുമൂടി കിടക്കുന്നു.പാർഥസാരഥി ക്ഷേത്രത്തിൽ ഇടത്താവളം ഒരുക്കാൻ സാധിക്കാതെ വന്നാൽ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും മറ്റും ഹോട്ടലുകളെയോ മറ്റോ ആശ്രയിക്കേണ്ട അവസ്ഥ വരും ഭക്തർക്ക്.
ഗതാഗതം
കെ.എസ്.ആർ.ടി.സി സർവിസാണ് ഭക്തരുടെ പ്രധാന യാത്രാ മാർഗം. അടൂർ ഡിപ്പോയിൽനിന്ന് പമ്പയിലേക്ക് സ്പെഷൽ സർവിസ് നടത്താൻ രണ്ടു ബസുകൾ അനുവദിച്ചിട്ടുണ്ടെന്നും ഭക്തരെത്തുന്ന മുറക്ക് സർവിസ് തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. ശബരിമല സ്പെഷൽ സർവിസുകൾ ഉൾപ്പെടെ നിരവധി ബസുകൾ സർവിസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി യാർഡ് പക്ഷേ, തകർന്ന നിലയിലാണ്.
റോഡ്
അടൂരിൽനിന്ന് പത്തനംതിട്ടയിലെത്താനുള്ള പ്രധാന പാതയാണ് ആനന്ദപ്പള്ളി-കൈപ്പട്ടൂർ റോഡ്. ഈ റോഡിന്റെ അറ്റകുറ്റപ്പണിയും പൂർത്തീകരിച്ചിട്ടില്ല. ദിശാബോർഡുകളും യാത്രക്കാർക്ക് കാണാനാകുന്ന വിധം നവീകരികരിക്കാനോ മറിഞ്ഞുകിടക്കുന്നവ നേരെയാക്കാനോ അധികൃതർ തയാറായിട്ടില്ല. ഇരുവശത്തും റോഡിലേക്ക് വളർന്നു നിൽക്കുന്ന കാടുകളും നീക്കേണ്ടതുണ്ട്.
നഗരസഭ
മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ നഗരസഭയും നടപടികൾ സ്വീകരിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സൗകര്യം ഉപയോഗിച്ച് ഭക്തർക്ക് മതിയായ സുരക്ഷ ക്രമീകരണം ഒരുക്കിയാൽ വിശ്രമിക്കാനും വിരിവെക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.