തകർന്നടിഞ്ഞ് ശബരിമല പാത; ഹൈവേക്കുവേണ്ടി കാത്തിരിപ്പും നീളുന്നു
text_fieldsവടശ്ശേരിക്കര: പതിറ്റാണ്ടുകൾക്ക് മുമ്പേ ഉന്നത നിലവാരത്തിൽ നിർമിച്ച മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാത തകർന്നിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാൽ യാത്രക്കാരുടെ നടുവൊടിക്കുന്ന നിലയിലായി.
ഓരോ ശബരിമല സീസണിലും വെള്ളം കെട്ടിക്കിടക്കുന്ന കുഴികളടക്കുന്നതൊഴിച്ചാൽ നാളുകളായി നവീകരണം നടന്നിട്ടില്ല. റോഡ് കുളമായതോടെ തീർഥാടകർ പോലും ശബരിമലയിലെത്താൻ മറ്റുവഴികളെ ആശ്രയിച്ചു തുടങ്ങിയപ്പോഴാണ് മലയോര മേഖലയുടെ ഗതാഗത സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി ദേശീയ ഹൈവേ വിഭാഗം മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാത ഏറ്റെടുക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഭരണിക്കാവ് - മുണ്ടക്കയം ദേശീയ ഹൈവേയുടെ ഭാഗമായി പി.ഡബ്ല്യു.ഡിയിൽനിന്ന് ദേശീയ ഹൈവേ വിഭാഗം ഈ പാത ഏറ്റെടുത്തത്. പുനലൂർ സെക്ഷനാണ് പാതയുടെ ചുമതല.
കഴിഞ്ഞവർഷം തീർഥാടനത്തിന് മുമ്പ് പുനരുദ്ധാരണം നടത്തിയത് ദേശീയ ഹൈവേ വിഭാഗമാണെങ്കിലും പിന്നീട് പണിയൊന്നും നടത്തിയിട്ടില്ല. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ തുടങ്ങി കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി നഗരമായ മുണ്ടക്കയത്ത് അവസാനിക്കുന്ന 183 എ ദേശീയ പാതയുടെ ഭാഗമായി മണ്ണാറക്കുളഞ്ഞി മുതലുള്ള ശബരിമല റോഡ് മാറുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ വൻ വികസനക്കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭരണിക്കാവ് മുതൽ മുണ്ടക്കയം വരെ നീളുന്ന ഹൈവേ ഇലവുങ്കൽ മുതൽ പമ്പ വരെ ശബരിമലയെയും ബന്ധിപ്പിക്കും വിധമാണ് വിഭാവനം ചെയ്തത്. ഭരണിക്കാവ്, കടമ്പനാട്, അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട വഴി മണ്ണാറക്കുളഞ്ഞി, പെരുനാട്, ളാഹ, ഇലവുങ്കൽ, നാറാണംതോട്, കണമല, എരുമേലി, മുണ്ടക്കയം വരെ യാഥാർഥ്യമാവുന്നതോടെ കുമളി വഴി തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചരക്കുഗതാഗതത്തിലും പത്തനംതിട്ട വഴിയും എരുമേലി വഴിയുമുള്ള തീർഥാടന യാത്രകൾക്കും ഏറെ പ്രയോജനപ്പെടും.
എന്നാൽ, ഹൈവേ പ്രഖ്യാപിച്ചശേഷം സ്ഥലം ഏറ്റെടുപ്പും പുരോഗമിച്ചുവെങ്കിലും അടൂർ കടമ്പനാട് നെല്ലിമൂട്ടിൽ പടി ഭാഗത്തും കോട്ടയം ജില്ലയിലെ മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള ഭാഗത്തും മാത്രമാണ് ടാറിങ് ഉൾപ്പെടെയുള്ള അത്യാവശ്യം ചില നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ നിർദിഷ്ട ദേശീയപാത നാലുവരി പാതയായാണ് നിർമിക്കുക. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നഗരപ്രദേശങ്ങളിൽ റോഡിന് വീതി കുറയുകയോ ബദൽ പാതകൾ നിർമിക്കേണ്ടിവരികയോ ചെയ്തേക്കാമെങ്കിലും റോഡ് യാഥാർഥ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇതിൽ കുണ്ടും കുഴിയുമായി തകർന്നടിഞ്ഞുകിടക്കുന്ന മണ്ണാറക്കുളഞ്ഞി ശബരിമല പാത അടിയന്തരമായി ഗതാഗതയോഗ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നുണ്ട്.
ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന ശബരിമല റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായതിനാൽ എല്ലാവർഷവും കുഴിയടക്കൽ നടത്തിയിരുന്നു. ഈ ഭാഗങ്ങളിലൊക്കെ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും വളവുകളിൽ കുഴി രൂപപ്പെട്ടതിനാൽ മെറ്റൽ അവശിഷ്ടങ്ങളും മറ്റും വന്നടിഞ്ഞ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. സ്ഥലപരിചയം ഇല്ലാതെ വാഹനത്തിൽ വരുന്നവരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. മഴസമയത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകട സാധ്യതയും കൂടുതലാണ്. ശബരിമല തീർഥാടനത്തിന് മൂന്നുമാസം മാത്രം അവശേഷിക്കെ ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താനോ ഹൈവേ നിർമാണം തുടങ്ങുന്നതിനോയുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.