ശബരിമല ഇടത്താവളം ഭൂമി ഏറ്റെടുപ്പ്; ജപ്തിയിൽ നിന്നൊഴിവാകാൻ പത്തനംതിട്ട നഗരസഭക്ക് 2. 72കോടി അനുവദിച്ച് സർക്കാർ
text_fieldsപത്തനംതിട്ട: നഗരസഭയുടെ ശബരിമല ഇടത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഭൂഉടമ നൽകിയ കേസിൽ പത്തനംതിട്ട നഗരസഭ സബ് കോടതിയിൽനിന്ന് ജപ്തി നടപടികൾ നേരിടുന്നതിടെയാണ് ആശ്വാസ നടപടി.
രാജ്യത്തെ മുഴുവൻ ശബരിമല തീർഥാടകരുടെ പൊതു ആവശ്യമായി കണ്ട് തുക പ്രത്യേക ധനസഹായമായി അനുവദിക്കണമെന്ന നഗരസഭയുടെ അഭ്യർഥന പരിഗണിച്ച് ഒക്ടോബർ ആറാം തീയതി സംസ്ഥാന ധനവകുപ്പ് 2.72 കോടി രൂപ പത്തനംതിട്ട നഗരസഭക്ക് മുൻകൂറായി അനുവദിച്ച് ഉത്തരവായി. എന്നാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഭാവിയിൽ നഗരസഭക്ക് നൽകുന്ന റോഡിതര സംരക്ഷണ ഫണ്ടിൽനിന്നും അനുവദിച്ച തുക ഗഡുക്കളായി ഈടാക്കുമെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
താഴെ വെട്ടിപ്രത്തെ അഞ്ചേക്കറുള്ള ഇടത്താവളത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ പ്രവേശന കവാടത്തിനുള്ള സ്ഥലം ഏറ്റെടുത്തിരുന്നില്ല. ഇടത്താവളത്തിലേക്ക് അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഇത് തടസ്സമായി.
തുടർന്ന് 2009 ൽ അഡ്വ.ടി.സക്കീർ ഹുസൈൻ ചെയർമാനായ നഗരസഭ കൗൺസിൽ ഇടത്താവളത്തിന്റെ വഴിക്കായി 24 സെന്റ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനമെടുത്തു. ഭൂമി ഏറ്റെടുക്കലിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് 2014 ൽ വസ്തു ഉടമ പത്തനംതിട്ട സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. നഷ്ടപരിഹാരമായി വസ്തു ഉടമയ്ക്ക് രണ്ടുകോടി രൂപ നൽകാൻ കോടതി ഉത്തരവായി. ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. ഏറ്റെടുത്ത സ്ഥലത്തിന്റെ സ്വഭാവവും നഗരകേന്ദ്രത്തിൽ നിന്നുള്ള ദൂരവും വിധി തുക അനുവദിച്ച കോടതി പരിഗണിച്ചില്ലെന്നും താരതമ്യ പഠനത്തിനായി ആശ്രയിച്ച വസ്തു നഗരത്തിലെ പ്രധാന സ്ഥലത്തുള്ള കരഭൂമിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.
ഇതിനിടയിൽ വിധി തുകയും പലിശയും ഈടാക്കാൻ വസ്തു ഉടമ നൽകിയ ഹരജിയിൽ കോടതി നഗരസഭ ആസ്തികൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടു. കഴിഞ്ഞ തീർഥാടന കാലയളവിൽ ദേവസ്വം മന്ത്രി വിളിച്ചുചേർത്ത ഉന്നതതല അവലോകന യോഗത്തിൽ നഗരസഭ ചെയർമാൻ വിധി തുക കെട്ടിവെക്കാൻ സഹായം അഭ്യർഥിച്ചു. തുടർന്ന് വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും കൗൺസിലിന്റെ അഭ്യർഥന സർക്കാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു.
ജപ്തിനടപടി നേരിടുന്ന ഘട്ടത്തിൽ സർക്കാർ പണം അനുവദിച്ചത് നഗരസഭക്ക് ആശ്വാസകരമാണെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ പറഞ്ഞു. എന്നാൽ, നഗരത്തിന്റെ ഭാവി വികസനത്തിന് തടസ്സമാകാത്ത വിധം, തുക തിരികെ ഈടാക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുകയോ കൂടുതൽ തുക റോഡിതര സംരക്ഷണ ഫണ്ടിനായി അനുവദിക്കുകയോ ചെയ്യണമെന്ന് സർക്കാറിനോട് അഭ്യർഥിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ നഗരസഭ കൗൺസിലിന്റെ അടിയന്തര യോഗം വ്യാഴാഴ്ച ചേരുമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.