കടലിക്കുന്ന് മല അന്ത്യ നാളിലേക്കോ?പ്രതിഷേധത്തെതുടർന്ന് നിർത്തിവെച്ച മണ്ണെടുപ്പ് വീണ്ടും തുടങ്ങി
text_fieldsകുളനട: കടലിക്കുന്ന് മലയിൽ അനധികൃത മണ്ണെടുപ്പ് നിർബാധം തുടരുന്നു. മലയുടെ മുകൾ ഭാഗത്ത് ഒന്നര ഏക്കറിലധികം മല പൂർണമായി ഇല്ലാതാക്കും വിധം മണ്ണെടുപ്പ് തുടരുകയാണ്. മണ്ണെടുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ നിർത്തിവെച്ചെങ്കിലും വീണ്ടും അനുമതി ലഭിച്ചതോടെ മണ്ണെടുപ്പ് ആരംഭിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളോ ജനങ്ങളുടെ സുരക്ഷയോ പരിഗണിക്കാതെ മണ്ണെടുക്കാൻ റവന്യൂ, ജിയോളജി വകുപ്പുകൾ അനുമതി കൊടുത്തതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്. മലയുടെ മുകളിൽ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ കൈവശമാണ്.
2025 മാർച്ച് മുതൽ ഒരു വർഷത്തേക്ക് 1.67 ഏക്കറിൽനിന്നും 81000 മെട്രിക് ടൺ മണ്ണ് എടുക്കാനുള്ള അനുവാദമാണ് ജിയോളജി വകുപ്പിൽനിന്ന് അനുവദിച്ചത്. വലിയ ടോറസിൽ ഏകദേശം 200 ലോഡ് മണ്ണെങ്കിലും ഇതുവരെ കടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കടലിക്കുന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ജിയോളജി, റവന്യൂ, വകുപ്പുകൾക്ക് നാട്ടുകാർ പരാതി കൊടുത്തിട്ടും നടപടി ഇല്ല. മണ്ണെടുപ്പിനെതിരെ കുളനട ഗ്രാമ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയെങ്കിലും മണ്ണെടുപ്പ് നിലച്ചില്ല. ഇതേ തുടർന്നാണ് കടലിക്കുന്ന് സംരക്ഷണ സമിതി രൂപവത്കരിച്ച് ജനകീയ സമരം ആരംഭിച്ചത്. വലിയ മലയുടെ മധ്യ ഭാഗത്തുനിന്നും ഏകദേശം രണ്ടേക്കറോളം സ്ഥലം അടയാളപ്പെടുത്തിയാണ് മണ്ണെടുപ്പ് നടക്കുന്നത്.
മഴക്കാലം വരുമ്പോൾ വശങ്ങളിൽ നിന്നും ശക്തമായ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത് സമീപത്തെ പട്ടികജാതി കോളനിയടക്കം ധാരാളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യും. മലയുടെ ചുറ്റുമുള്ള ചരിവിലും താഴ്വരയിലുമായി ആയിരത്തിലധികം വീടുകളാണ് സ്ഥിതി ചെയ്യുന്നത്. 100ൽഅധികം പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന കടലിക്കുന്ന് പട്ടിക ജാതി സെറ്റിൽമെൻറ് കോളനി മലയിലും ചരിവുകളിലുമായാണ് സ്ഥിതി ചെയ്യുന്നത്.
നാടിന്റെ ജീവൻ
കുളനട, മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന മലയാണ് കടലിക്കുന്ന്. കുളനട ഗ്രാമപഞ്ചായത്തിലെ പൈവഴി, ഉള്ളന്നൂർ തിരുവമ്പാടി, വട്ടയം, കുഴിപാറ, വാട്ടർ ടാങ്ക്, മുകളിശ്ശേരി, ചുവട്ടാന, കടലിക്കുന്ന്, മലഞ്ചെരുവിൽ, ഗിരിദീപം സ്കൂൾ, കൈതക്കാട് , നാരകത്തു മണ്ണിൽ, മംഗലത്തിൽ, പുതുവാക്കൽ, ഉള്ളന്നൂർ, കൈപ്പുഴ, പാണിൽ, പനങ്ങാട് എന്നീ പ്രദേശങ്ങളെയാകെ പാരിസ്ഥിതികമായ സന്തുലനത്തിൽ നിലനിർത്തുന്നതും ഈ പ്രദേശങ്ങളിലെ ഭൂമിക്കും ഭൂഗർഭ ജലത്തിനും കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ അടിസ്ഥാന ജലസ്രോതസ്സും ഈ മലയാണ്.
മലയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള ചെറുതും വലുതുമായ നീരൊഴുക്കും തോടുകളും സമീപ പാടങ്ങളിലെ കൃഷിക്ക് സഹായകരമാണ്. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന കടലിക്കുന്നു കുടിവെള്ള പദ്ധതിയുടെ ജലസംഭരണി ഈ മലയിലാണ് സ്ഥിതി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.