കൊടികൾ അഴിച്ചുമാറ്റിയതിന് മർദനം; പണിമുടക്കി ശുചീകരണ തൊഴിലാളികൾ
text_fieldsമർദനമേറ്റതിൽ പ്രതിഷേധിച്ച് പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ നടത്തിയ പണിമുടക്ക്
പത്തനംതിട്ട: ഹൈകോടതി നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി, നഗരസഭ സെക്രട്ടറി നിയോഗിച്ചത് അനുസരിച്ച് പൊതുസ്ഥലത്ത് കെട്ടിയ കൊടിതോരണങ്ങള്‍ നീക്കം ചെയ്ത ശുചീകരണ വിഭാഗം ജീവനക്കാരനെ മർദിച്ച സി.ഐ.ടി.യു നേതാവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത് വീട്ടിൽ സക്കീറാണ് (58) അറസ്റ്റിലായത്.
തുടർന്ന്, ജാമ്യത്തിൽ വിട്ടയച്ചു. മത്സ്യത്തൊഴിലാളി ബോര്‍ഡ് അംഗവും സി.പി.എം കുമ്പഴ ലോക്കൽ കമ്മിറ്റി അംഗവും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് സക്കീര്‍ അലങ്കാരത്ത്. പത്തനംതിട്ട നഗരസഭ സെക്രട്ടറിയുടെ മൊഴിപ്രകാരം എസ്.ഐ ബി. കൃഷ്ണകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.
സി.ഐ.ടിയു ജില്ല കമ്മിറ്റി ഓഫിസ് സമുച്ചയ ശിലാസ്ഥാപന ചടങ്ങിനായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ സംഘടന സ്ഥാപിച്ച ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യവെ, ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ശുചീകരണ തൊഴിലാളിയായ കേശവന് മർദനമേറ്റത്.
ബാനറുകളും കൊടികളും കയറ്റിയ വാഹനം തടഞ്ഞു ഭീഷണിപ്പെടുത്തി തിരിച്ചുകെട്ടിക്കുകയും ചെയ്തു. സി.ഐ.ടി.യു നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ശുചീകരണ തൊഴിലാളികൾ വ്യാഴാഴ്ച പണിമുടക്കിയിരുന്നു. തുടർന്ന് പത്തനംതിട്ട നഗരത്തിൽ പ്രകടനത്തിനുശേഷം നഗരസഭക്ക് മുന്നിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കേശവന് അടുത്തിടെ ന്യൂറോ സംബന്ധമായി ശസ്ത്രക്രിയ കഴിഞ്ഞ തലയുടെ ഭാഗത്താണ് മർദനമേറ്റത്.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് അന്ന് ശസ്ത്രക്രിയ ചെലവിന് തുക കണ്ടെത്തിയത്. മർദനമേറ്റ ഭാഗത്തിപ്പോൾ വലിയ വേദന അനുഭവപ്പെടുന്നതായി കേശവൻ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് കേശവൻ. നഗരസഭ സെക്രട്ടറി നിര്‍ദേശിച്ചത് അനുസരിച്ച് നഗരസഭ ജീവനക്കാരും കേശവന്, കുഞ്ഞുമോന് എന്നീ ശുചീകരണതൊഴിലാളികളും ചേര്‍ന്ന് കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റിയത്. കേശവനും സി.ഐ.ടി.യു യൂണിയനില്‍പ്പെട്ട തൊഴിലാളിയാണ്.
നഗരസഭ സെക്രട്ടറി പറഞ്ഞ പ്രകാരമാണ് കൊടി അഴിച്ചതെന്നും അല്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും കേശവന് പറഞ്ഞുവെങ്കിലും നേതാവ് കൂട്ടാക്കാന്‍ തയാറായില്ല. സംഭവം വിവാദമായതോടെ ഭരണകക്ഷി നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. പത്തനംതിട്ട നഗരസഭയിൽ 28 ശുചീകരണ തൊഴിലാളികളാണ് സേവനം അനുഷ്ഠിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.