സ്കൂൾ ഉച്ചഭക്ഷണം: കുട്ടിക്ക് എട്ടു രൂപക്ക് വിളമ്പണം
text_fields‘ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് പുനഃക്രമീകരിക്കണം. ഒരു കുട്ടിക്ക് 15 രൂപവരെ ചെലവാകുന്നുണ്ട്. സർക്കാർ അനുവദിച്ച എട്ട് രൂപ 12 രൂപയായെങ്കിലും ഉയർത്തണം. പദ്ധതി വിനിയോഗം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം.’’ഷിബു ജോയ്,എച്ച്.എം ഫോറം ജില്ല സെക്രട്ടറി
പത്തനംതിട്ട: മൂന്നു മാസമായി മുടങ്ങിയ പണം സർക്കാർ അനുവദിച്ചിട്ടും 15 വർഷം മുമ്പ് ഒരു കുട്ടിക്ക് അനുവദിച്ച എട്ട് രൂപയിൽ ഒരു മാറ്റവും ഉണ്ടാകാത്തത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നു. വലിയതോതിൽ ചർച്ചയും പ്രതിഷേധമുണ്ടായതോടെയാണ് പണം അനുവദിച്ചത്. പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയർന്നിട്ടും ചെലവ് പതിൻമടങ്ങ് വർധിച്ചിട്ടും ഒരു കുട്ടിപോലും വിശന്നിരിക്കരുത് എന്ന അധ്യാപകരുടെ ജാഗ്രതയാണ് പദ്ധതി മുടങ്ങാതിരിക്കാൻ കാരണം. ഉച്ചഭക്ഷണ തുക മൂന്ന് മാസം കിട്ടാതിരുന്നപ്പോൾ പ്രധാനാധ്യാപകർ പണം മുടക്കി ഭക്ഷണമൊരുക്കി. പ്രധാനാധ്യാപകരുടെ ചെലവിലാണ് പല സ്കൂളുകളിലും ഭക്ഷണം നൽകുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റേത് വികല ഉത്തരവ്
പത്തനംതിട്ട: ഉച്ചഭക്ഷണ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ദിവസങ്ങള്‍ക്കകം പിന്‍വലിക്കേണ്ടി വന്നത് പ്രഥമാധ്യാപകരും അധ്യാപകരും പൊതുസമൂഹവും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നട്ടം തിരിയുന്ന പ്രഥമാധ്യാപക സമൂഹത്തെ കണ്ടില്ലെന്നു നടിച്ചാണ് വികലമായ ഉത്തരവുകളുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തുവരുന്നതെന്ന് ജില്ല പ്രസിഡന്റ് ബി. ഷിബു, സെക്രട്ടറി ബിജി ജോര്‍ജ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
വരവ്: എട്ട്, ചെലവ്: 15
ഒരു കുട്ടിക്ക് സർക്കാർ അനുവദിച്ചത് എട്ട് രൂപയാണെങ്കിൽ ഇപ്പോൾ 12 മുതൽ 15രൂപവരെ ചെലവാകുന്നുണ്ട്. ഉച്ചഭക്ഷണത്തിന്റെ പേരിൽ പൂർവ വിദ്യാർഥികളിൽനിന്നോ സന്നദ്ധ സംഘടനകളിൽനിന്നോ പണം പിരിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. ചില സ്കൂളുകളിൽ വികസന സഹായനിധി എന്ന പേരിൽ പെട്ടിവെച്ചിട്ടുണ്ട്. ഇതിൽ നിക്ഷേപിക്കുന്ന തുക ഉച്ചഭക്ഷണത്തിന് വിനിയോഗിക്കുകയാണ്.
പണച്ചെലവ് ഇങ്ങനെ
1. സപ്ലൈകോയിൽനിന്ന് സൗജന്യമായി ലഭിക്കുന്ന അരി സ്കൂളിലെത്തിക്കാൻ കയറ്റിറക്ക് കൂലി ഒരു ചാക്കിന് 40 രൂപ വീതം
2. വാഹന ചെലവ് 500 രൂപയോളം
3. 150 കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കാൻ പച്ചക്കറിക്ക് 750 രൂപ
4. പയർ, തുവര തുടങ്ങിയവ സപ്ലൈകോയിൽ ലഭിക്കാത്തപ്പോൾ പൊതുവിപണിയിൽനിന്ന് വാങ്ങണം
5. കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും നൽകണം. ഒരു മുട്ടക്ക് ഏഴ് രൂപ. ഒരു ലിറ്റർ പാലിന് 60രൂപ
6. പാചകവാതക സിലിണ്ടർ ഒന്നിന് 1000 രൂപയോളം ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.