സ്കൂൾ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ
text_fieldsപത്തനംതിട്ട: സ്കൂളുകളിൽ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ. കഴിഞ്ഞ അധ്യയനവർഷത്തിലെ അവസാന മാസമായ മാർച്ചിലെയും സ്കൂൾ തുറന്ന ശേഷമുള്ള ജൂണിലെയും വിഹിതം നൽകാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.
ഫണ്ട് യഥാസമയം കിട്ടാത്തതിനാൽ സ്കൂളുകൾ കടംപറഞ്ഞാണ് കടകളിൽനിന്ന് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങുന്നത്. മാർച്ചിലെ കടം ഇതുവരെ നൽകാനാകാതെ വന്നതോടെ പലയിടത്തും കടം കിട്ടാത്ത സ്ഥിതിയായെന്ന് അധ്യാപകർ പറയുന്നു. പല സ്കൂളുകളിലും അധ്യാപകർ പണം കടം വാങ്ങിയാണ് സാധനങ്ങൾ വാങ്ങുന്നത്. 150 കുട്ടികൾവരെയുള്ള സ്കുളുകളിൽ ഒരു കുട്ടിക്ക് എട്ടുരൂപ വീതവും അതിന് മുകളിൽ കുട്ടികളുള്ളിടത്ത് ആറുരൂപ വീതവുമാണ് അനുവദിക്കുന്നത്. ആഴ്ചയിലൊരിക്കൽ പാൽ, മുട്ട എന്നിവയും നൽകണം.
പദ്ധതി വിഹിതത്തിന്റെ 60 ശതമാനം കേന്ദ്ര സർക്കാരിൽനിന്നുമാണ് ലഭിക്കുന്നത്. ഇതിൽ അരി സപ്ലൈകോ വഴി സൗജന്യമായി ലഭിക്കും. പാചകവാതകം ഉൾപ്പെടെ ബാക്കിയെല്ലാ ചെലവുകളും അധ്യാപകർ വഹിക്കണം. ദിവസവും കറികളും കൂട്ടുകറികളുമൊക്കെ തയാറാക്കിയാണ് പല സ്കൂളുകളുകളിലും ഉച്ചഭക്ഷണം നൽകുന്നത്. പാചകച്ചെലവ് അപര്യാപ്തമാണെന്നും തുക വർധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങളുടെയും ഗ്യാസിന്റെയും വില അടിക്കടി വർധിക്കുന്ന സാഹചര്യത്തിൽ തുക വർധിപ്പിക്കണമെന്നാണ് ആവശ്യം. ചട്ടമനുസരിച്ച് എല്ലാ വർഷവും നിരക്കു പുതുക്കണമെങ്കിലും നടക്കാറില്ല.
പാചകത്തൊഴിലാളികളുടെ തുച്ഛമായ ശമ്പളവും ക്യത്യമായി ലഭിക്കാറില്ല. 90 ശതമാനത്തിലധികവും സ്ത്രീകളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന കണക്കിലാണ് ഇപ്പോൾ സ്കൂളുകളിലെ ഊട്ടുപുരകളുടെ പ്രവർത്തനം. പാചകം ചെയ്ത പാത്രങ്ങളും ചെറിയ കുട്ടികൾ ഭക്ഷണം കഴിച്ച പാത്രങ്ങളുമൊക്കെ കഴുകാനുള്ളതിനാൽ വൈകീട്ട് ടീച്ചർമാരും കുട്ടികളും വീട്ടിൽ എത്തിയാലും പാചകത്തൊഴിലാളികളുടെ പണികൾ തീരില്ല.
വർഷങ്ങളായി ഈ മേഖലയിൽ തുടർന്നിട്ടും ജോലി സ്ഥിരതയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത ഒട്ടനവധി ആളുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.