ബെല്ലടിക്കാറായി
text_fieldsപത്തനംതിട്ട: രണ്ടുമാസത്തെ വേനലവധിക്കുശേഷം സ്കൂളുകൾ വ്യാഴാഴ്ച തുറക്കും. സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട ഒരുക്കം ജില്ലയിൽ അന്തിമഘട്ടത്തിൽ. ഇത്തവണ ജില്ല പ്രവേശനോത്സവം ജൂൺ ഒന്നിന് കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയുടെ സുരക്ഷ, പരിസര ശുചീകരണം, കുടിവെള്ളം, ഉപകരണങ്ങളുടെ നവീകരണം ഇവയെല്ലാം പൂർത്തിയായിട്ടുണ്ട്.
എല്ലാ സ്കൂളിലെയും ഡ്രൈവർമാർക്കും ഡോർ അറ്റൻഡന്റുമാർക്കും വിദ്യാവാഹൻ പരിശീലനം ബുധനാഴ്ചയോടെ പൂർത്തിയാകും. ഭൂരിപക്ഷം സ്കൂളുകളും ഇതിനോടകം ഫിറ്റ്നസ് നേടി. രണ്ടു ദിവസത്തിനകം തന്നെ മുഴുവൻ സ്കൂളുകൾക്കും ഫിറ്റ്നസ് ലഭിക്കും.
ശുചിമുറികൾ ഉൾപ്പെടെ സ്കൂൾ പരിസരം പൂർണമായി ഒരുക്കിയിട്ടുണ്ട്. അപകടകരമായ മരങ്ങളും ചില്ലകളും ഇതിനോടകം വെട്ടിമാറ്റിയിട്ടുണ്ട്. മുഴുവൻ സ്കൂളിലെയും പാചകപ്പുരകളും വൃത്തിയാക്കി. സ്കൂൾ ഭിത്തികൾ മനോഹര ചിത്രങ്ങളാൽ നിറഞ്ഞിട്ടുണ്ട്. പക്ഷികളും മൃഗങ്ങളുമൊക്കെ ഭിത്തികളിൽ ഇടംപിടിച്ചത് ആദ്യമായി എത്തുന്ന കുട്ടികൾക്ക് കൗതുകം പകരും. സ്കൂൾ വാഹനങ്ങളുടെ പരിശോധനക്കൊപ്പം വിദ്യാവാഹൻ ആപ്ലിക്കേഷൻ നിർബന്ധമാക്കാനുള്ള നിർദേശവും അധികൃതർക്ക് നൽകിയിട്ടുണ്ട്. പാഠപുസ്തകങ്ങളുടെയും സ്കൂൾ യൂണിഫോമിന്റെയും വിതരണം പൂർത്തിയായി. കുടുംബശ്രീ നേതൃത്വത്തിലാണ് പാഠപുസ്തകങ്ങളുടെ തരംതിരിയലും വിതരണവും നടന്നത്.ഒന്നാം ക്ലാസിൽ ഇത്തവണ കൂടുതൽ കുട്ടികൾ പ്രവേശനം നേടുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ. കഴിഞ്ഞ തവണ 6500 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ഇതിനിടെ ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള നീക്കത്തിൽ അധ്യാപകർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.