അക്ഷരമധുരം നുണയാൻ കുരുന്നുകൾ; ആഘോഷമായി പ്രവേശനോത്സവം
text_fieldsസ്കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലതല ഉദ്ഘാടനം പെരിങ്ങനാട്
ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു
പത്തനംതിട്ട: വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്കുന്ന ഇടങ്ങളാകണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവര്‍ക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്നവരാകണം.
വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ ആരോഗ്യ വകുപ്പ് സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും.
ഹെല്‍ത്ത് ക്ലബുകള്‍ രൂപീകരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യത്തിന് ലഭ്യമാക്കും. നല്ല ശീലങ്ങള്‍ വിദ്യാലയത്തില്‍ നിന്നും വീട്ടിലേയ്ക്ക് എന്നത് ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച ആശയമാണ്. കുട്ടികളെ ആരോഗ്യത്തിന്റെ അംബാസഡര്‍മാരായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് കണ്ടും കേട്ടും പഠിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നാടാണ് കേരളമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കി, 54,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ആര്. അജയകുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, വൈസ് പ്രസിഡന്റ് എം. മനു, ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വിദ്യാഭ്യാസ വകുപ്പ് ചെങ്ങന്നൂര്‍ മേഖല ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ബി.ആര്. അനില, വിദ്യാകിരണം ജില്ലാ കോ-ഓഡിനേറ്റര്‍ ലെജു പി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
റാന്നി: റാന്നി ബ്ലോക്ക് തല പ്രവേശനോത്സവം നാറാണംമൂഴി ഗവൺമെന്റ് എൽ പി സ്കൂളിൽ എം.എൽ.എ അഡ്വക്കറ്റ് പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു. നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ബി.ജെ. ഷിജിത മുഖ്യപ്രഭാഷണം നടത്തി. റാന്നി ബി.പി.സി ഷാജി.എ. സലാം സ്വാഗതവും സ്കൂൾ എച്ച്. എം അനില മറാട് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറം പ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, അനിൽ അത്തിക്കയം, ജെയിംസ് കക്കാട്ടുകുഴിയിൽ, സെന്റ് ജോസഫ് ഹൈസ്കൂൾ മാനേജർ ജോർജ് ജോസഫ്, റിജോ എബ്രഹാം, ബിനോയ് പി.ജി, ഊരുമൂപ്പൻ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.
റാന്നി: വിദ്യാലയ കവാടത്തിൽ ഒട്ടകക്കൂട്ടം, പിന്നിൽ ചെമ്മരിയാടുകൾ വിദ്യാലയ മുറ്റത്ത് എത്തുമ്പോൾ കാഴ്ചയുടെ വർണ്ണ വസന്തം വിരിയിച്ച് പറന്നിറങ്ങിയ പക്ഷിക്കൂട്ടം ....മയിലുകളും, തത്തയും പരുന്തുകളും... ക്ലാസ്സ് മുറികളിലെത്തുമ്പോളാകട്ടെ ചുവരുകൾ നിറയെ മനോഹര കാഴ്ച സമ്മാനിക്കുന്ന പക്ഷികൾ... വെച്ചൂച്ചിറ എണ്ണൂറാം വയൽ സി. എം .എസ് .എൽ . പി സ്കൂളിലെ പ്രവേശനോത്സവ കാഴ്ചകൾ അങ്ങനെ നീളുന്നു.
മലയാളികളെ വായനയുടെ പുതു ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ ബെന്യാമിന്റെ നോവലിനെ ബ്ലസി എന്ന സംവിധായകനിലൂടെ പ്രേക്ഷകർ നെഞ്ചേറ്റിയ ആട് ജീവിതത്തിലെ ഒട്ടകങ്ങളും ചെമ്മരിയാടും ഒക്കെ അണി നിരന്ന ദൃശ്യാവിഷ്കാരത്തിന്റെ പശ്ചാത്തലാത്തിലായിരുന്നു ഇത്തവണത്തെ പ്രവേശനോത്സവം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ ഫാ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. ഫാ. ബൈജു ഈപ്പൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അംഗങ്ങളായ രാജി വിജയകുമാർ, സിറിയക് തോമസ്, ടി കെ രാജൻ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, എം ടി മത്തായി, സാം എബ്രഹാം, പി ടി മാത്യു, പി.ടി.എ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ജോർജ്, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു.
പന്തളം: കേരളത്തിൽ കഴിഞ്ഞ എട്ട് വർഷമായി പൊതുവിദ്യാഭ്യാസമേഖല അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം സബ്ബ് ജില്ല പ്രവേശനോത്സവത്തിന്റെ ഭാഗമായി മങ്ങാരം ഗവ.യു.പി. സ്കൂളിലെ പ്രവശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം നഗരസഭ ചെയർപേഴ്സൺ സുശീലാ സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക ജിജി റാണി, നഗരസഭ കൗൺസിലർ സുനിതാവേണു, എന്നിവർ സംസാരിച്ചു.
മല്ലപ്പള്ളി: പ്രവേശനോത്സവത്തിന് ഉദ്ഘാടകരായി കുട്ടികൾ. കുന്നന്താനംപാലക്കൽത്തകിടി സെന്റ് മേരീസ് സ്കൂളിൽ നിന്നും എസ്. എസ്. എൽ. സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ സിദ്ധാർഥ്, അതുൽരാജ് , കാളിദാസൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
എസ്.എം.സി ചെയർമാൻ പി.ടി. ഷിനു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സി.കെ. ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. എൽ.എസ്.എസ് - യു എസ് എസ് വിജയികളായ ദിയ, അനന്യ എന്നിവർക്ക് ജില്ലാ പഞ്ചായത്തംഗം ഉപഹാരം നൽകി. പ്രഥമാധ്യാപകൻ ലിജു കുമാർ, മാധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരി, പൂർവ്വ വിദ്യാർഥി പ്രതിനിധി കെ. ആർ. മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി ജയ്മോൻ ബാബുരാജ്, അധ്യാപകരായ റിയ ജോൺ, കാർത്തിക എസ് നായർ, എസ്.ഷമീന എന്നിവർ സംസാരിച്ചു.
കുളനട : കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സാമൂഹികപ്രവർത്തക ഡോ.എം എസ് സുനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വിശ്വകല.എം.കെ അധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോൾ രാജൻ മുഖ്യ പ്രഭാഷണം നടത്തി. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര.സി . ചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
പന്തളം: പന്തളം ബ്ലോക്ക് തല പ്രവേശനോത്സവം മാന്തുക ഗവ. യുപി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അനിൽ.വി അധ്യക്ഷത വഹിച്ചു. കലാമണ്ഡലം പന്തളം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആറന്മുള എ.ഇ.ഒ പി. ആർ. മല്ലിക പഠനോപകരണ വിതരണം നടത്തി.
കുളനട പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശോഭ മധു എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശുഭകുമാരി രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് എടുത്തു.
പന്തളം : പന്തളം തെക്കേക്കര പൊങ്ങലടി എം.എസ്.സി.എൽ.പി സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ ഹെഡ്മിസ്ട്രസ് ഹെലന സാമുവൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ജോൺ മാത്യു, വാർഡ് മെമ്പർ റാഹേൽ ജോസ്, പി.റ്റി.എ പ്രസിഡന്റ് വീണ എന്നിവർ പങ്കെടുത്തു.
മല്ലപ്പള്ളി: കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നീന ബാബു അധ്യക്ഷത വഹിച്ചു. എം.കെ.എം ഹനീഫ ഉദ്ഘാടനം ചെയ്തു. എം.പി. അസീസ് പഠനോപകരണ വിതരണം വിതരണം നടത്തി.
പ്രഥമാധ്യാപിക മിനി എലിസബത്ത്, ഇ.കെ.അജി, ലത രാമകൃഷ്ണൻ, സൗമ്യ രാജൻ, വി.എച്ച്.സാജിത് എന്നിവർ സംസാരിച്ചു.
മല്ലപ്പള്ളി:ചുങ്കപ്പാറ സി.എം.എസ്.എൽ .പി .സ്കൂളിൽ നടന്ന പ്രവേശനോത്സവം സി.എം.എസ്. സഭ കോപ്പറേറ്റ് മാനേജർ ഫാ.സുമോദ്.പി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നുജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മാരംകുളം പ്ലേഹൗസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നേതൃത്വതിൽ പഠനോപകരണ കിറ്റ് വിതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വാർഡ് മെമ്പർ ജോളി ജോസഫ്, മുൻ പി. റ്റി.എ. പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് ജോസി ഇലഞ്ഞിപ്പുറം പ്രഥമാധ്യാപിക റ്റി.സി കുഞ്ഞുമോൾ,ലോക്കൽ മാനേജർ ഫ. യേശുദാസ്. പി. ജോർജ്, ഉപദേശി ജോബിൻ ജോർജ്, എം.പി.റ്റി. പ്രസിഡന്റ് ജോമോൾ ലിജോ, പ്ലേഹൗസ് ക്ലബ് ഭാരവാഹികളായ റീബു ആരംപുളിക്കൽ, സ്റ്റീവ് ഡാനിയേൽ, പിടിയഞ്ചേരിൽ ജോബി, മാപ്പൂര് മാത്യു, വർഗീസ് ഇലഞ്ഞിപ്പുറം, ജീം ദാനിയേൽ പെരുന്തോട്ടുകാവിൽ, ജസ്റ്റിൻ ജോസഫ്, അധ്യാപകരായ അനീത, അമലാമണി, രാജി എന്നിവർ പ്രസംഗിച്ചു.
ആദ്യ ദിനം ചളിയിൽ ചവിട്ടി കുരുന്നുകൾ
പേരൂർകുളം സ്കൂളിലെ വിദ്യാർഥികൾക്കാണ് ദുരനുഭവം
കോന്നി : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കുളത്തിങ്കൽ പേരൂർകുളം ഗവ.എൽ.പി സ്കൂളിന് അനുവദിച്ച കെട്ടിട നിർമ്മാണം എങ്ങും എത്തിയില്ല. അധ്യയന വർഷത്തിൽ മേള വാദ്യങ്ങളുടെ അകമ്പടിയോടെ മധുരം നൽകി സ്വീകരിക്കേണ്ട വിദ്യാർഥികളെ സ്വീകരിച്ചത് ചെളി നിറഞ്ഞ സ്കൂൾ മുറ്റം.
പേരൂർകുളം ഗവ. എൽ.പി സ്കൂളിനുമുന്നിലെ ചളി നിറഞ്ഞ നടപ്പാത
രാവിലെ സ്കൂളിൽ എത്തിയ അധ്യാപകരും സ്കൂൾ ജീവനക്കാരും ചേർന്ന് ഇന്റർലോക്ക് കട്ടകൾ ചെളിയിൽ നിരത്തി ഉറപ്പിച്ചതിന് ശേഷം ആണ് കുരുന്നുകൾ ക്ലാസിലേക്ക് നടന്നു കയറിയത്. നിലവിൽ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കിയെങ്കിലും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പൈലിങ്ങ് നടത്തിയപ്പോൾ ഭൂമിക്ക് ഉറപ്പ് കുറവാണെന്ന് കണ്ടെത്തിയതാണ് ഇപ്പോൾ വിനയായത്. ഗുരു നിത്യ ചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണ് പേരൂർ കുളം ഗവണ്മെന്റ് എൽ പി സ്കൂൾ.
ഒന്നര നൂറ്റാണ്ടോളം പഴക്കം ചെന്ന കെട്ടിടം ആയിരുന്നു സ്കൂളിന് ഉണ്ടായിരുന്നത്. 2019 ൽ കെട്ടിടം അൺഫിറ്റ് ആണെന്ന് കണ്ടെത്തുകയും ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2021 നവംബറിൽ ഒന്നരകോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു.
തുടർന്ന് മാസങ്ങൾ കഴിഞ്ഞാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്. ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ തൂണുകൾക്ക് കുഴി എടുത്തപ്പോൾ ഭൂമിയിൽ ജലാംശം കൂടുതൽ ആണെന്നും കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന നടത്തണമെന്ന് അഭിപ്രായം ഉയരുകയും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പരിശോധന നടത്തുകയും ചെയ്തു.
പരിശോധനാ ഫലം പുറത്ത് വന്നപ്പോൾ ഭൂമിക്ക് ഉറപ്പ് കുറവാണെന്ന് കണ്ടെത്തി. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കോന്നി ബി ആർ സി കെട്ടിടത്തിൽ ആണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. ഇതോടെ ബി ആർ സി പ്രവർത്തനവും അവതാളത്തിലായി. സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ കെട്ടടത്തിന് താൽക്കാലിക സംവിധാനം എന്ന നിലയിൽ ഒരു നിലകൂടി നിർമ്മിച്ചിട്ടുണ്ട്.
ഇതിന്റെ നിർമാണം പൂർത്തിയായാൽ നാല് ക്ലാസ് മുറികൾ കൂടി തുറക്കാൻ കഴിയും. കോന്നി പഞ്ചായത്തിന്റെ കീഴിലുള്ള പ്രീയദർശിനി ഹാളിൽ പഠന സൗകര്യം ഒരുക്കാൻ ഇടക്ക് തീരുമാനം ഉണ്ടായെങ്കിലും ദൂരം കൂടുതൽ കാരണം ഇതും സാധ്യമായില്ല. സമീപ പ്രദേശങ്ങളിൽ നിന്നും പുതിയ അധ്യയന വർഷത്തിൽ ഒട്ടേറെ വിദ്യാർഥികളെ ഇവിടെ എത്തിച്ച് പഠിപ്പിക്കാൻ രക്ഷിതാക്കൾ താൽര്യം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും കെട്ടിടമില്ലാത്ത അവസ്ഥ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.