ഇതെന്ത് ഹൈവേയാണ്? ഏഴംകുളം-ഏനാത്ത്-കടമ്പനാട് പാതയിൽ സുരക്ഷ നടപടികള്‍ വൈകുന്നു
text_fieldsഅടൂര്‍: ഏഴംകുളം-ഏനാത്ത്-കടമ്പനാട് മിനി ഹൈവേയില്‍ വാഹനാപകടങ്ങളില്‍ നിരവധി ജീവന് പൊലിഞ്ഞിട്ടും സുരക്ഷ ഒരുക്കാന്‍ നടപടിയില്ല. പാത കടന്നുപോകുന്ന ഇടങ്ങളില്‍ ഉപപാതകള്‍ ചേരുന്നിടത്തും കവലകളിലും സീബ്രാലൈന്‍ ഉള്‍പ്പെടെ ഗതാഗത സൂചകങ്ങളില്ല.
കോന്നി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയപ്പോൾ ഇതുവഴി വാഹന തിരക്കേറിയിട്ടുണ്ട്. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണ് നിര്‍ദിഷ്ട പ്ലാപ്പള്ളി റോഡ് പദ്ധതിയുടെ ഭാഗമായ ഈ മിനി ഹൈവേ. പാതയുടെ വശങ്ങളില് സുരക്ഷാ വേലിയില്ല. രണ്ടു വാഹനങ്ങള്‍ക്ക് ഒരേ സമയം സൈഡ് കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പാതക്ക് മിക്കയിടത്തും വീതി കുറവായതിനാല്‍ അപകടങ്ങളും പതിവാണ്.
കൊടുംവളവുകൾ രണ്ടു ഡസനോളം
ഏഴംകുളം മുതൽ കടമ്പനാട് വരെയും രണ്ടു ഡസനോളം കൊടുംവളവുണ്ട്. വളവുകളിലടക്കം അപകട മുന്നറിയിപ്പ് സൂചകങ്ങള്‍ സ്ഥാപിച്ചിട്ടില്ല. മണ്ണടി ആലുംമൂട് വളവില്‍ അപകടം പതിവായതോടെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ സുരക്ഷ കണ്ണാടി സ്ഥാപിച്ചിരുന്നു.
പാതയില്‍ വളവുകളിലും കവലകളിലും ദിശാ സൂചകങ്ങളില്ല. നാലു റോഡുകള്‍ ചേരുന്ന ഏനാത്ത് കവല മധ്യത്തിലൂടെയാണ് മിനി ഹൈവേ കടന്നു പോകുന്നത്. ഏനാത്ത് ഗവ.യു.പി സ്കൂൾ അടക്കം സ്കൂൾ കവലകളിലും കൊടുംവളവുകളാണ്. ടിപ്പറുകളുടെ സഞ്ചാരം ഭീതി പരത്തുന്നതാണ്.
വശങ്ങളിൽ വെള്ളക്കെട്ടും കാടുകയറിയും സ്വകാര്യ വ്യക്തികളുടെ നിർമാണ സാമഗ്രികളും ഇറക്കിയിട്ടതും കാരണം കാൽനടപോലും ദുഷ്കരമാണ്. ഏഴംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ എം.സി.എഫുകളുടെ പരിസരത്ത് റോഡ് മധ്യത്തിലും മാലിന്യം ചിതറിക്കിടക്കുന്നു. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമുണ്ട്.വശങ്ങളിൽ കടകമ്പോളങ്ങളും ഓട്ടോടാക്സി സ്റ്റാന്‍ഡുമുള്ള ഏനാത്ത്കവലയില് രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് പതിവാണ്. നിരീക്ഷണ കാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് മിനി ഹൈവേയില്‍ ഗതാഗത സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.