സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട്: തീരുമാനങ്ങൾ ഡയറക്ടർ ബോർഡ് കൂടാതെയെന്ന് സി.പി.ഐ, സി.പി.എം വെട്ടിൽ
text_fieldsപത്തനംതിട്ട: സീതത്തോട് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേട് സെക്രട്ടറിയുടെ തലയിൽ മാത്രം കെട്ടിവെച്ച് തടിയൂരാൻ സി.പി.എം കിണഞ്ഞ് ശ്രമിക്കുന്നതിനിടെ വല്ല്യേട്ടനെ വെട്ടിലാക്കി സി.പി.ഐ. ഡയറക്ടർ ബോർഡ് യോഗം കൂടാതെയാണ് ബാങ്കിൽ പല തീരുമാനങ്ങളും എടുക്കുന്നതെന്ന സി.പി.ഐയുടെ ആരോപണമാണ് വർഷങ്ങളായി ബാങ്കിെൻറ ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിന് ക്ഷീണമായിരിക്കുന്നത്.
സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ ആരോപണത്തോട് പ്രതികരിക്കാൻ ഇതുവരെ സി.പി.എം തയാറായിട്ടില്ല.
ബാങ്കിെൻറ 13 അംഗ ഭരണസമിതിയിൽ സി.പി.എമ്മിന് ഒമ്പതും സി.പി.ഐക്ക് നാലും അംഗങ്ങളാണുള്ളത്. ഭരണത്തിൽ ചെറുതല്ലാത്ത പങ്കാളിത്തമുള്ള സി.പി.ഐ പ്രതികരണത്തിലൂടെ ഫലത്തിൽ ബാങ്കിൽ വഴിവിട്ട പലതും നടക്കുന്നു എന്ന് പരോക്ഷമായി പറഞ്ഞിരിക്കുകയാണ്. ഇതൊന്നും തങ്ങളുടെ അറിവോടെയല്ലെന്നും അവർ വ്യക്തമാക്കുന്നു.
ബാങ്കിനെതിരെ വ്യാപകമായി പരാതി ഉയർന്നതോടെ വിഷയം ചർച്ച ചെയ്യാൻ എൽ.ഡി.എഫ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കൺവീനർക്ക് കത്തു നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ബാങ്കിലെ മുഴുവൻ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും സി.പി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്. 2013-18 കാലയളവിലെ പ്രവർത്തനം സംബന്ധിച്ച് നടന്ന അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് നിലവിലെ സെക്രട്ടറി േജാസിനെതിരെ നടപടി ഉണ്ടായത്. എന്നാൽ, ഈ സമയം താനല്ല സെക്രട്ടറി എന്ന് ജോസ് പറയുന്നു. എന്നിട്ടും ഭരണസമിതിയുടെ അറിവോടെ നടന്ന അഴിമതികൾ മൂടിവെക്കാൻ സെക്രട്ടറിയെ ബലിയാടാക്കുന്നുവെന്നാണ് ആരോപണം.
അതിനിടെ അഴിമതിയിൽ ആരോപണവിധേയനായിരിക്കുന്ന ബാങ്കിലെ മുൻ ജീവനക്കാരനായ എം.എൽ.എ കെ.യു. ജനീഷ്കുമാറിെൻറ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരപരിപാടികളുമായി മുന്നോട്ടുപോകുകയാണ്. അഴിമതിയിൽ കൂടുതൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സി.പി.എം പ്രാദേശിക നേതാക്കളുടെ പേര് പറഞ്ഞുള്ള അന്വേഷണ റിപ്പോർട്ടിെൻറ വിശദാംശങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
സീതത്തോട് സഹകരണ ബാങ്ക് അഴിമതികൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ്
പത്തനംതിട്ട: കോന്നി സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറികൾ വിവരിച്ച് കോൺഗ്രസ് നേതാക്കൾ. ബാങ്കിലെ ക്രമക്കേടുകളിൽ എം.എൽ.എ ജനീഷ് കുമാറിെൻറയും ബാങ്ക് ജീവനക്കാരുടെയും സി.പി.എം നേതാക്കളുടെയും ഭരണസമിതിയുടെയും പങ്ക് സസ്പെൻഡ് ചെയ്ത മുൻ ബാങ്ക് സെക്രട്ടറി തുറന്നുപറഞ്ഞതായി കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതിനെ പ്രതിരോധിക്കാൻ രംഗത്തുവന്ന സി.പി.എമ്മും ബാങ്ക് ഭരണസമിതിയും നൽകുന്നത് വികലമായ ന്യായീകരണമാണ്. മുൻ സെക്രട്ടറിയെ കോൺഗ്രസ് സംരക്ഷിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന സഹകരണ വകുപ്പ് അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും തട്ടിപ്പിൽ ഇവർക്ക് പങ്കില്ല എന്നുപറഞ്ഞ് സി.പി.എം കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.
അടുത്തകാലത്തായി ബാങ്കിലെത്തിയ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രതീഷ് കെ.നായർ, ബ്ലോക്ക് െവെസ് പ്രസിഡൻറ് ഷമീർ തടത്തിൽ, യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജോയൽ മുക്കണ്ണത്ത് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.