ആദിവാസികള്‍ക്കായി സീതത്തോട്ടില്‍ പ്രത്യേക ആധാര്‍ ക്യാമ്പ്
text_fieldsപത്തനംതിട്ട: ജില്ലയുടെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാൻ അക്ഷയ ജില്ല പ്രോജക്ട് ഓഫിസും ജില്ല ട്രൈബല്‍ ഓഫിസും ചേര്‍ന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ആധാര്‍ക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളടക്കം നൂറിലധികം ആളുകള്‍ പങ്കെടുത്തു.
ക്യാമ്പില്‍ പരമാവധി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മൂഴിയാര്‍, ഗവി വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞ ആദിവാസി വിഭാഗങ്ങളിൽപെട്ടവരെ വനപാലകരുടെ സഹായത്തോടെ കണ്ടെത്തി വനം വകുപ്പ് വാഹനങ്ങളിലാണ് ആധാര്‍ ക്യാമ്പിലെത്തിച്ചത്.
ജില്ലയിലെ വനങ്ങളില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് കൂടി ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടുമില്ലാത്തതിനാല് ആദിവാസികള്‍ക്ക് ലഭ്യമാകേണ്ട പല സര്‍ക്കാര്‍ സഹായവും ഇവരിലെത്താതെ പോകുന്നുണ്ട്.
ഗവി കോളനിയിലെ ഊരുമൂപ്പന്റെ ഭാര്യ അനിത അടക്കമുള്ളവര്‍ ക്യാമ്പിലെത്തി എൻറോള്‍മെന്റ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ രാവിലെ ഒമ്പതോടെ ക്യാമ്പ് തുടങ്ങി. ജില്ല അക്ഷയ പ്രോജക്ട് മാനേജര്‍ കെ. ധനേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജില്ല ട്രൈബല്‍ ഓഫിസര്‍ എസ്.എസ്. സുധീര്‍, അക്ഷയ അസി. പ്രോജക്ട് കോഓഡിനേറ്റര്‍ എസ്. ഷിനു, അക്ഷയ പ്രതിനിധി സജികുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.