മോഷ്ടിച്ച മാല വിറ്റ് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ആഘോഷം; യുവാവ് അറസ്റ്റില്‍
text_fieldsപത്തനംതിട്ട: നെഞ്ചുവേദന അനുഭവപ്പെട്ട അയല്‍ക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ ചെന്നപ്പോള്‍ 2.5 പവന്റെ മാല മോഷ്ടിക്കുകയും വിറ്റുകിട്ടിയ പണം ലോട്ടറി അടിച്ചെന്ന് പറഞ്ഞ് നാട്ടില്‍ ചെലവഴിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മേലുത്തേമുക്ക് പൂപ്പന്‍കാല ദീപുസദനം ദീപുവിനെയാണ് (38) ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
മേലുത്തേമുക്ക് അജിഭവനില്‍ കല ഭാസ്കറിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലയുടെ സഹോദരീഭര്‍ത്താവ് ജ്ഞാനദാസിന്റെ മാലയാണ് മോഷ്ടിച്ചത്. ശനിയാഴ്ചയാണ് സംഭവം.
നെഞ്ചുവേദനയെ തുടർന്ന് ജ്ഞാനദാസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായത്തിന് വന്നതാണ് ദീപു. ഈ സമയം ജ്ഞാനദാസ് തന്റെ 2.5 പവന്റെ മാലയൂരി കട്ടിൽപടിയില്വെച്ചിരുന്നു. ആശുപത്രിയില്‍ കാണിച്ച ശേഷം തിരികെ വന്ന ദീപു കാറിന്റെ താക്കോല്‍ നല്‍കുന്നതിന് വീട്ടില്‍ കയറി. ഞായറാഴ്ച രോഗാവസ്ഥക്ക് മാറ്റം വന്നപ്പോഴാണ് താന്‍ മാലയൂരി കട്ടിലില്‍ വെച്ചിരുന്നുവെന്ന് ജ്ഞാനദാസ് ബന്ധുക്കളോട് പറഞ്ഞത്.
വിവരം സഹോദരി കലയെ അറിയിച്ചു. അവര്‍ വീട്ടില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തനിക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ദീപു പണവുമായെത്തി സുഹൃത്തുക്കളുമായി ആഘോഷം നടത്തി. സംശയം തോന്നി ദീപുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മാല പത്തനംതിട്ടയിലെ ജ്വല്ലറിയില്‍ 1.27 ലക്ഷം രൂപക്ക് വിറ്റുവെന്ന് അറിഞ്ഞത്. കസ്റ്റഡിയില്‍ എടുത്ത ദീപുവിനെ ജ്വല്ലറിയില്‍ എത്തിച്ച് മാല കണ്ടെടുത്തു.
സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തതിന്റെ ബാക്കി 96,000 രൂപ ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ദീപുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് ഇന്‍സ്പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണൻ, എസ്.ഐമാരായ അനില്‍, വിനോദ്, സി.പി.ഒമാരായ രാജേഷ്, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.