പന്തളം നഗരസഭക്കെതിരെ ഗുരുതര ആരോപണം; ഉദ്യോഗസ്ഥനറിയാതെ പദ്ധതികൾ അട്ടിമറിച്ചെന്ന്
text_fieldsപന്തളം: പന്തളം നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി പൊതുമരാമത്ത് വിഭാഗം എക്സി. എൻജിനീയർ രംഗത്ത്. താനറിയാതെ തന്റെ കമ്പ്യൂട്ടർ പാസ്വേഡ് ഉപയോഗിച്ച് തുറന്ന് നഗരസഭയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചോർത്തിയെന്നാണ് ഉദ്യോഗസ്ഥ എസ്. രാധിക കൗൺസിൽ യോഗത്തെ അറിയിച്ചത്.
ഇതോടെ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. എൻജിനീയറുടെ പാസ്വേഡ് ഉപയോഗിച്ച് ഭരണസമിതി പദ്ധതികൾ അട്ടിമറിക്കുകയാണെന്നും അഴിമതി നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഒരുകോടി രൂപയുടെ വ്യത്യാസമാണ് പദ്ധതികളിൽ കണ്ടെത്തിയത്. ഇത് ഗുരുതര നീക്കമാണെന്ന് എൻജിനീയർ വെളിപ്പെടുത്തി. ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചെയർപേഴ്സന്റെ ചേംബറിന്റെ അടുത്തെത്തി ബഹളംവെച്ചു. ഇതോടെ കൗൺസിൽ നിർത്തിവെച്ചു. പദ്ധതി നിർവഹണത്തിൽ ബി.ജെ.പി ഭരണസമിതി പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു.
മൂന്നുകോടി രൂപയുടെ വികസന ഫണ്ട് നഷ്ടപ്പെടുമെന്നുറപ്പായതായി അവർ ആരോപിച്ചു. സംസ്ഥാന സർക്കാർ നൽകിയ റോഡ്, റോഡിന്റെ വിവിധ ഫണ്ടുകൾ പാഴാവുകയാണ്. മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികളും അവതാളത്തിലാണ്.വ്യക്തിഗത ഗുണഭോക്താക്കൾ ആനുകൂല്യം ലഭിക്കാൻ നഗരസഭ കയറിയിറങ്ങുകയാണ്.
2023- 24ലെ പദ്ധതിയും നഷ്ടപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു. കൗൺസിലർമാരായ ടി.കെ. സതി, ശോഭനാകുമാരി, രാജേഷ്കുമാർ, അരുൺ എസ്.എച്ച്. സക്കീർ, അജിതകുമാരി, അംബിക രാജേഷ്, ഷെഫിൻ റജൂബ് ഖാൻ എന്നിവർ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് ഉണ്ടായിരുന്നു.
ഫണ്ട് തിരിമറി അന്വേഷിക്കണം -യു.ഡി.എഫ്
പന്തളം: പന്തളം നഗരസഭയിലെ 2022-23ലെ പദ്ധതിയിൽ വൻ അഴിമതിയെന്ന് യു.ഡി.എഫ്. പല കൗൺസിലർമാരും വിവിധ പദ്ധതികൾക്കായി വെച്ച ഫണ്ട് കാണാനില്ല. പദ്ധതി അവസാനിക്കാൻ മൂന്നുദിവസം ബാക്കി നിൽക്കേ പല പദ്ധതികൾക്കും സാങ്കേതിക അനുമതിപോലും ലഭിച്ചിട്ടില്ല. ടെൻഡർ ചെയ്ത വർക്കുകൾക്ക് പോലും സെലക്ഷൻ നോട്ടീസ് നൽകിയിട്ടില്ല.
എ.ഇ അറിയാതെ എ.ഇയുടെ ലോഗിൻ ഐ.ഡിയും പാസ്വേഡും മാറ്റി പദ്ധതിയിൽ തിരിമറി നടത്തിയതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. പന്തളത്തെ ഏറ്റവും വലിയ മാലിന്യവാഹിനിയായ മുട്ടാർ നീർച്ചാൽ നവീകരണത്തിനായി പദ്ധതിയിൽ വകയിരുത്തിയ 20 ലക്ഷം രൂപ നഷ്ടപ്പെടുത്തി. പദ്ധതി അവസാനിക്കാൻ മൂന്നുദിവസം മാത്രം ശേഷിക്കെ മൊത്തം പദ്ധതി ചെലവിന്റെ 48.6 ശതമാനം മാത്രമാണ് ചെലവഴിച്ചത്. പാവങ്ങൾക്കു ലഭിക്കേണ്ട കോടികണക്കിനു രൂപയാണ് നഷ്ടപ്പെടുന്നത്.
കഴിഞ്ഞ രണ്ടു പദ്ധതികാലത്തും കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടുത്തിയത്. സർക്കാർ നൽകുന്ന പദ്ധതി പണംപോലും യഥാവിധി നടപ്പാക്കാൻ കഴിയാത്ത ഭരണസമിതി രാജിവെക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.