ഹോം സ്റ്റേകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി: പ്രതികളിലൊരാൾ പിടിയിൽ
text_fieldsതിരുവല്ല: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഹോം സ്റ്റേകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രതികളിലൊരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജിയാണ് (38) പിടിയിലായത്.
തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ, സി.ഐ. വിനോദ് എന്നിവരടങ്ങുന്ന സംഘം വ്യാഴാഴ്ച രാവിലെ പത്തരയോടെ കോട്ടയം നാഗമ്പടത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഒന്നാം പ്രതിയും സജിയുടെ പിതൃസഹോദര പുത്രനുമായ കാഞ്ഞങ്ങാട് സ്വദേശി ഷിബു പൊലീസ് എത്തുന്നതറിഞ്ഞ് കടന്നുകളഞ്ഞു.
കേസിൽ നാലു പ്രതികൾ കൂടിയുണ്ട്. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മിച്ച് വിതരണം ചെയ്ത കേസിലാണ് സജി പിടിയിലായത്. നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന പ്രിൻററും പേപ്പറുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 അംഗ സംഘം കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ ഇടക്കിടെ സന്ദര്‍ശനത്തിനെത്തുന്നത് പതിവായിരുന്നു. അവസാനം വന്നുപോയ ശേഷം മുറി വൃത്തിയാക്കുന്നതിനിടെ 200െൻറയും 500െൻറയും 2000െൻറയും അടക്കം നോട്ടുകളുടെ അവശിഷ്ടങ്ങൾ മാലിന്യക്കുപ്പയിൽനിന്ന് ഹോം സ്റ്റേ ഉടമക്ക് ലഭിച്ചു. തുടർന്ന് ഇൻറലിജൻറ്സ് ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് സജി പിടിയിലായത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും ഡിവൈ.എസ്. പി ടി. രാജപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.