നടതുറന്നിട്ടും കുഴിയടച്ച് പൊതുമരാമത്ത്
text_fieldsശബരിമല: മണ്ഡലകാല തീർഥാടനത്തിന് നടതുറന്നപ്പോഴും ശരണപാതയിലെ കുഴിയടക്കലുമായി പൊതുമരാമത്ത് വകുപ്പ്. വടശ്ശേരിക്കര മുതൽ പെരുനാട് വരെയുള്ള ഭാഗത്തെ കുഴിയടക്കൽ ഇന്നലെ ഏറെ വൈകിയും പുരോഗമിക്കുകയാണ്.
ഷെൽമാക് മിശ്രിതം കുഴിയിലിട്ട് ഇടിച്ചുറപ്പിച്ചാണ് കുഴികൾ അടക്കുന്നത്. അതിനാൽ നിലവിലുള്ള ടാറിങ് പ്രതലത്തെക്കാൾ കുഴിയടച്ച ഭാഗം ഉയർന്നുനിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്.
കൊടും വളവുകളും കുത്തനെയുള്ള ഇറക്കവുമുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ കുഴിയടക്കുന്നത് ചെറുവാഹനങ്ങൾക്ക് ഏറെ ഭീഷണിയാണ് ഉയർത്തുന്നത്. അടിക്കടി പെയ്യുന്ന ശക്തമായ മഴയിൽ അടച്ചഭാഗം വേഗം ഇളകിപ്പോകാനും സാധ്യതയുണ്ട്. തീർഥാടനം മുന്നിൽക്കണ്ട് പണി സമയബന്ധിതമായി പൂർത്തിയാക്കാൻ അധികൃതർക്കായിട്ടില്ല. എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് സർക്കാർ പറയുമ്പോഴാണ് ഏറ്റവും പ്രധാനപ്പെട്ട പാതയായ പത്തനംതിട്ട-പമ്പ പാതയിലെ ഈ തട്ടിക്കൂട്ട് കുഴിയടപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.