നിരക്ക് കൂട്ടി ഷീ ലോഡ്ജ്; പ്രതിസന്ധിയിൽ താമസക്കാർ
text_fieldsപത്തനംതിട്ട: നഗരത്തിലെ ഷീ ലോഡ്ജിൽ നിരക്ക് കൂട്ടിയതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവിടെ താമസിക്കുന്ന വിദ്യാർഥികളും ജീവനക്കാരും.
മുമ്പ് 4000 രൂപ ആയിരുന്നു ഒരു മാസത്തെ വാടക. ഇത് 5500 രൂപ ആക്കാനാണ് തീരുമാനം. നഗരത്തിലെ മറ്റ് ഹോസ്റ്റലുകളിലും സമാനമായ തുകയാണ് ഈടാക്കുന്നത്. ഫീസ് കുറവായതിനാലാണ് ഷീ ലോഡ്ജ് സ്ത്രീകളിൽ പലരും ഉപയോഗപ്പെടുത്തുന്നത്. വിദ്യാർഥികളെ സംബന്ധിച്ച് ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും.
പതിനായിരം രൂപക്ക് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പകുതിയും ഹോസ്റ്റൽ ഫീസായി നൽകേണ്ട സ്ഥിതിയാണ്. കോളജ് വിദ്യാർഥികൾ, സിവിൽ സ്റ്റേഷൻ, കലക്ടറേറ്റ്, നഗരസഭ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഇവിടെയുണ്ട്. ഇവരോടെല്ലാം മറ്റ് സ്ഥലങ്ങൾ അന്വേഷിക്കാൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
വസ്ത്രങ്ങൾ തേക്കാൻ പൊതുമുറി ഒരുക്കിയാൽ അതിന് വേണ്ടി വലിയൊരു വരി വേണ്ടി വരും. ഫോൺ ചാർജ് ചെയ്യുന്ന ത്രീപിൻ പ്ലഗ് മുറിയിൽ നിന്ന് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ജോലിക്കും മറ്റ് ആവശ്യത്തിനും ഫോൺ ഉപയോഗിക്കുന്ന വനിത ജീവനക്കാർ അടക്കമുള്ളവർക്ക് ഈ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കും. വൈദ്യുതി ബിൽ 40000 രൂപയോളം ആകുന്നതിനാലാണ് ഇങ്ങനെ തീരുമാനമെന്നാണ് അധികൃതർ പറയുന്നത്. രണ്ട് നിലയുള്ള കെട്ടിടത്തിൽ മൂന്ന് മുറി താഴെയും നാല് മുറി മുകളിലുമാണുള്ളത്.
ഇവിടെ എല്ലാ മുറിയിലും മൂന്നും നാലും പേരെ താമസിപ്പിച്ചിട്ടുണ്ട്. നഗരത്തിലെത്തുന്നവർക്ക് ഒരു രാത്രി താമസിക്കാൻ പറ്റുന്ന സ്ഥലം ആയി കൂടിയാണ് ഷീ ഹോസ്റ്റൽ/ ഷീ ലോഡ്ജ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.