സ്മാര്‍ട്ടാകാം വോട്ടര്‍മാര്‍ക്ക്; വീട്ടിലെത്തും കൈപുസ്തകം
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപുസ്തകങ്ങളുടെ വിതരണം തെരഞ്ഞടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ചു. കൈപുസ്തകവും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പും ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേന വീടുകളിലെത്തിക്കുമെന്ന് വരണാധികാരി കൂടിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു. വോട്ടര്‍ രജിസ്ട്രേഷന്, വോട്ടുചെയ്യേണ്ട രീതി, ഭിന്നശേഷി-മുതിര്‍ന്ന വോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍, വോട്ടുചെയ്യുന്നതിനായി തെരഞ്ഞടുപ്പ് കമീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങള്‍, സമ്മതിദായകരുടെ പ്രതിജ്ഞ, വെബ്സൈറ്റിലേക്കുള്ള ക്യു.ആര് കോഡ്, ഹെല്പ്ലൈന് നമ്പറുകള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളെല്ലാം കൈപുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു.
പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍...
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടു രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്നതിന് പോളിങ് സ്റ്റേഷനില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കൊപ്പം നിയമിക്കപ്പെടുന്നവരാണ് പോളിങ് ഓഫീസര്‍മാര്‍. ബൂത്തിലെത്തുന്ന സമ്മതിദായകന് ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഈ ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടര്‍ പട്ടിക കൈവശം വയ്ക്കുന്നത്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിന് ശേഷം മാര്‍ക്ക്ഡ് കോപ്പിയില്‍ രേഖപ്പെടുത്തും.
രണ്ടാം പോളിങ് ഉദ്യോഗസ്ഥന് ഇടതുകൈയിലെ ചൂണ്ടു വിരലില്‍ ഇന്‍ഡെലിബിള്‍ മഷി തേക്കും. നഖത്തിനു മുകളില്‍ നിന്ന് താഴേക്കാണ് മഷിപുരട്ടുക. 17 എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നതും വോട്ടര്‍ക്ക് സ്ലിപ് നല്‍കുന്നതും ഇദേഹം തന്നെയാണ്. മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദേഹവും ഇരിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥന് നല്കുന്ന വോട്ടര്‍ സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദേഹമാണ്.
കൂടാതെ ഇന്‍ഡെലിബിള്‍ മഷി കൈയില്‍ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കണം. മൂന്നാം പോളിങ് ഉദ്യോഗസ്ഥന്റെ സമീപം സജ്ജീകരിച്ചിരിക്കുന്ന കണ്ട്രോള് യൂണിറ്റിലെ ബാലറ്റ് ബട്ടണില്‍ അമര്‍ത്തിയ ശേഷം വോട്ടര്‍ക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാര്‍ട്ട്മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാക്കാം.
വീട്ടിലെ വോട്ട് ഇനി സുരക്ഷിതം, സുതാര്യം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കി, വീട്ടിലെ വോട്ട്. 16 മുതല്‍ ആരംഭിക്കുന്ന വീട്ടില്‍ വോട്ട് പ്രക്രിയയില്‍ വോട്ട് സുരക്ഷിതമാക്കുന്നതിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അസന്നിഹിത വോട്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്ന വോട്ടുകള്‍ ശേഖരിച്ചിരുന്നത് സഞ്ചികളിലായിരുന്നു. ഇത്തവണ വോട്ടുകള്‍ ശേഖരിക്കുന്നത് സീല്‍ ചെയ്ത ബാലറ്റ് പെട്ടികളിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച സമയത്തിനുള്ളില്‍ അപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്കും 85 വയസിനു മുകളിലുള്ളവര്‍ക്കുമാണ് ഹോം വോട്ടിങ് സൗകര്യം ലഭ്യമാകുന്നത്. ഇത്തരത്തില്‍ വീടുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് അതത് നിയോജകമണ്ഡലത്തിലെ അസി. റിട്ടേര്‍ണിങ് ഓഫിസര്‍മാരുടെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. തുടര്‍ന്ന് വോട്ടെണ്ണലിന് മുമ്പ് ഇവ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും.
ജില്ലയില്‍ വിവിധ അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 127 ടീമുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഒരു മൈക്രോ ഒബ്സര്‍വര്‍, രണ്ടു പോളിങ് ഓഫിസര്‍മാര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന് എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരും സംഘത്തെ അനുഗമിക്കും. സുതാര്യത ഉറപ്പുവരുത്താന്‍ സ്ഥാനാര്‍ഥികളുടെ ബൂത്ത്ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തിനൊപ്പം ചേരാം.
ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ വഴിയോ അറിയിക്കും. ഈ സമയം വോട്ടര്‍ വീട്ടിലില്ലെങ്കില്‍ മറ്റൊരു അവസരംകൂടി നല്‍കും. കാഴ്ച പരിമിതര്‍ക്കും ചലനശേഷിയില്ലാത്തവര്‍ക്കും വോട്ടുചെയ്യാന്‍ സഹായിയെ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.