അപമാനം ഈ കാഴ്ച
text_fieldsപത്തനംതിട്ട: ഓട മുഴുവൻ മാലിന്യംനിറഞ്ഞ് കിടക്കുന്നു... മണ്ണും മലിനജലവും ദുർഗന്ധവും... ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന നഗരത്തിലെ സ്വകാര്യ ബസ്സ്റ്റാൻഡ് മാലിന്യം തള്ളൽ കേന്ദ്രത്തിന് തുല്യം.
ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഇലപ്പൊതികൾ, നാരങ്ങ തൊണ്ടുകൾ തുടങ്ങിയ മാലിന്യങ്ങളെല്ലാം കെട്ടിക്കിടന്ന് ഈച്ചയാർക്കുന്നു. ഇതിനുള്ളിലൂടെ എലികൾ ഓടിനടക്കുന്നതും കാണാം.
തുറന്നുകിടക്കുന്ന ഈ ഓടകൾക്ക് മുകളിലൂടെ വേണം ദിവസവും നൂറുകണക്കിന് യാത്രക്കാർ ബസ് കയറാനും ഇറങ്ങാനുമായി അപ്പുറത്തേക്കും ഇപ്പുറത്തേക്കും പോകേണ്ടത്. സമീപത്തെ ലഘുഭക്ഷണശാലകളിൽനിന്നുള്ള മലിനജലം ഈ ഓടയിലേക്കാണ് ഒഴുക്കുന്നത്. ഇതാണ് ഒഴുകിപ്പോകാതെ മണ്ണും മാലിന്യവുമായി കൂടിക്കലർന്ന് കിടക്കുന്നത്. യാർഡും ഓടയും തമ്മിൽ വേർതിരിച്ചു നിർത്തുന്ന സ്ലാബുകളെല്ലാം ബസ് ഇടിച്ചും മറ്റും തകർന്നുതരിപ്പണമായി.
ഓടക്ക് മുകളിൽ അവിടെയും ഇവിടെയുമായി മാത്രം സ്ഥാപിച്ചിരുന്ന സ്ലാബുകളും തകർന്നും സ്ഥാനം തെറ്റിയും കിടക്കുന്നു. ബസ് സ്റ്റാൻഡിലെ ശുചിമുറികളുടെ അവസ്ഥയും പരിതാപകരമാണ്. ടാങ്ക് നിറഞ്ഞ് പലപ്പോഴും മാലിന്യം പുറത്തേക്ക് ഒഴുകുകയാണ്.
മൂക്കുപൊത്തിയാണ് യാത്രക്കാർ ഇവിടെ നിൽക്കുന്നത്. യാർഡ് നിറയെ പലവിധ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ശുചീകരണം നടക്കാറെ ഇല്ല. ചുറ്റും കാടുവളർന്ന് നിറയെ ഇഴജന്തുക്കളാണ്. മഴ പെയ്യുന്ന സന്ദർഭങ്ങളിൽ യാത്രക്കാർ കുടയും ചൂടിയാണ് നിൽക്കുന്നത്. ഷീറ്റിട്ട മേൽക്കൂരകൾ മുഴുവൻ തകർന്നുതുടങ്ങി. സാമൂഹിക വിരുദ്ധരുടെ താവളമായും മാറിയിട്ടുണ്ട്.
കഞ്ചാവ് വിൽപന സംഘങ്ങൾ തമ്മിൽ ഇവിടെ സംഘർഷങ്ങളും പതിവാണ്. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയും വൃത്തിഹീനമാണ്. മദ്യക്കുപ്പികളും മറ്റും ഇവിടെ നിറഞ്ഞ് കിടക്കയാണ്. നഗരസഭയുടെ അധീനതയിലാണ് ബസ്സ്റ്റാൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.