ദേവസ്വം ബോർഡിൽ സ്പെഷൽ റിക്രൂട്ട്മെന്റ് വേണം -വെള്ളാപ്പള്ളി
text_fieldsതിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം തിരുവല്ല യൂനിയൻ 14ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിലെ 94 ശതമാനം ജീവനക്കാരും സവർണ വിഭാഗക്കാരാണ്.
ബാക്കി ആറുശതമാനം മാത്രമാണ് പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളിലെ ജീവനക്കാർ. ഹിന്ദുക്കളിൽനിന്ന് ജനസംഖ്യാനുപാതികമായി നിയമനം നടത്താൻ ദേവസ്വം ബോർഡിൽ പ്രത്യേക റിക്രൂട്ട്മെന്റ് അനിവാര്യമാണ്. തെരഞ്ഞെടുത്ത പട്ടികജാതിക്കാരെ പൂജ നിർവഹിക്കാൻ അനുവദിക്കുന്നില്ല. മലയാളം ബ്രാഹ്മണരെ മാത്രമാണ് ഇപ്പോഴും ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കുന്നത്.
ജാതി വിവേചനങ്ങൾക്കെതിരെ സുപ്രീംകോടതി വിധിവരെ ഉണ്ടായിട്ടും പിന്നാക്ക വിഭാഗങ്ങളോടുള്ള അയിത്തവും അവഗണനയും ഇന്നും തുടരുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല യൂനിയൻ സെക്രട്ടറി ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു.ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ പ്രഭാഷണം നടത്തി.
കെ.യു. ജനീഷ്കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, അസി. സെക്രട്ടറി പി.എസ്. വിജയൻ, ഇൻസ്പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, യൂനിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, വനിത സംഘം പ്രസിഡന്റ് സുമ സജികുമാർ, അനിൽ എസ്. ഉഴത്തിൽ, വിജയലാൽ നെടുങ്കണ്ടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.