പെരുനാട്ടിൽ കടുവയെ പിടിക്കാൻ പ്രത്യേക ദൗത്യസംഘം
text_fieldsപത്തനംതിട്ട: പെരുനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ വനംവകുപ്പ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. കൂടുവച്ച് ഒരുമാസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 24 അംഗങ്ങളുള്ള വനപാലകരുടെ സംഘം മൂന്ന് ഷിഫ്റ്റുകളിലായി രാത്രിയും പകലും കടുവയെ കണ്ട പ്രദേശങ്ങളിൽ തിരച്ചിൽ നടത്തും.
ബഥനിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. ഒരുമാസത്തിലേറെയായി കടുവ ഭീതിയിലാണ് പെരുനാട്ടിലെ കോളാമലയും കോട്ടക്കുഴിയും. ഏപ്രിൽ രണ്ടിന് കുളത്ത്നീരവിൽ പശുവിനെ കടുവ ആക്രമിച്ച് കൊന്നതോടെയാണ് ജനവാസമേഖലയിലെ സാന്നിധ്യം നാട്ടുകാർ അറിഞ്ഞത്. വനംവകുപ്പ് സ്ഥാപിച്ച കാമറകളിലും കടുവയുടെ ചിത്രങ്ങൾ പതിഞ്ഞു. ഇതിന് പിന്നാലെ ഏപ്രിൽ എട്ടിന് കൂട് സ്ഥാപിച്ചു.
ഡ്രോൺ ഉപയോഗിച്ച് ദിവസങ്ങളോളം പരിശോധന നടത്തി. എന്നാൽ, നീക്കങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.ഭയപ്പെട്ട് വീടിന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസവും കടുവ ആടിനെ ആക്രമിച്ചുകൊന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചത്. ഈ മാസം ആദ്യം കടുവ ആക്രമണത്തിൽ ചത്ത പശുക്കളുടെ ഉടമകൾക്ക് നഷ്ടപരിഹാരവും വിതരണം ചെയ്തു.
ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു
വടശ്ശരിക്കര: പെരുനാട്ടിൽ കടുവ ആക്രമണം കൂടിവരുന്ന ബഥനി പൊതുവേയിലിലെ ജനങ്ങളെ സംഘടിപ്പിച്ച് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. കാടുമുടിക്കിടക്കുന്ന ചെറുതും വലുതുമായ എല്ലാ എസ്റ്റേറ്റുകളും വെട്ടിത്തെളിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് വെട്ടത്തെളിക്കാത്ത തോട്ടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് പെരുനാട് സാക്ഷ്യംവഹിക്കുമെന്ന് സമരസമിതി അറിയിച്ചു. സമരസമിതി ഭാരവാഹികളായി കമലൻ മോഡിയിൽ, അമ്മാൾ, അമ്പിളി, ഭാസ്കരൻ എന്നിവരെയും രക്ഷാധികാരിയായി ജയ്സൺ പെരുന്നാടിനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.