സ്പിരിറ്റ് തട്ടിപ്പ്: ട്രാവൻകൂർ ഷുഗേഴ്സിലെ നാല് ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsപത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് തട്ടിപ്പിൽ പ്രതിയായ ജനറൽ മാനേജറടക്കം നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്ഥാപനത്തിെൻറ താൽക്കാലിക ചുമതല ബിവറേജസ് ഔട്ട്ലറ്റ് മാനേജർക്ക് കൈമാറി.
ഇവിടെ നടത്തിയിരുന്ന ജവാൻ റം നിർമാണം തിങ്കളാഴ്ച പുനരാരംഭിക്കും. ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സനൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി, ക്ലർക്ക് അരുൺകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അനധികൃത അവധിയാണ് സസ്പെൻഡ് ചെയ്യാൻ കാരണമായി പറഞ്ഞിട്ടുള്ളത്.
പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ ഇവർ വ്യാഴാഴ്ച മുതൽ ജോലിക്കെത്തിയിട്ടില്ല. പ്രധാന ജീവനക്കാർ ഒളിവിൽ പോയതോടെ സ്ഥാപനത്തിെൻറ പ്രവർത്തനസ്തംഭനം മറികടക്കാനാണ് ചുമതല പുതിയ ജീവനക്കാരെ ഏൽപിച്ചത്. കേസിൽ എക്ൈസസ് ഉദ്യോഗസ്ഥരിൽ ചിലരും പ്രതികളാകുമെന്ന് സൂചനയുണ്ട്.
സ്ഥാപനത്തിലേക്ക് എത്തിക്കുന്ന സ്പിരിറ്റ് രേഖപ്രകാരമുള്ള അളവിലുണ്ടോ എന്ന് പരിശോധിക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായതായാണ് നിഗമനം. സ്പിരിറ്റ് ലോഡ് എത്തിയ ദിവസങ്ങളിൽ ഇവിടെ ജോലിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യും.
ഉദ്യോഗസ്ഥരും വിതരണ കരാറുകാരും ചോദ്യം ചെയ്യലിന് ശനിയാഴ്ച ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നു. ഉദ്യോഗസ്ഥർ ഒളിവിലായതിനാൽ നോട്ടീസ് കൈപ്പറ്റിയില്ല. ഇവരുടെ താമസ സ്ഥലങ്ങളിൽ നോട്ടീസ് എത്തിച്ചിരുന്നു. വിതരണ കരാർ എറണാകുളം ആസ്ഥാനമായ കമ്പനിക്കാണ്. രേഖകൾ സഹിതം ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇവർക്കും നോട്ടീസ് നൽകിയത്. അവരും എത്തിയില്ല. സ്പിരിറ്റ് മോഷണത്തിൽ സമഗ്ര അന്വേഷണം ആവശ്യെപ്പട്ട് എക്സൈസ് മന്ത്രിക്ക് പരാതി നൽകുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. കമ്പനിയുടെ മുന്നിൽ ഐ.എൻ.ടി.യു.സി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.