സ്പിരിറ്റ് തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് മൂടിവെച്ച് പൊലീസ്
text_fieldsതിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായ കമ്പനി ഉദ്യോഗസ്ഥരുടെ അറസ്റ്റ് മൂടിവെച്ച് പൊലീസ്. കേസിലെ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പഴ്സനൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം മൂടിവെച്ചത്.
ഉപാധികളിന്മേൽ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ മൂവരും ചോദ്യം ചെയ്യലിെൻറ ഭാഗമായി കഴിഞ്ഞ 16ന് അന്വേഷണ ഉദ്യോഗസ്ഥനായ പുളിക്കീഴ് സി.ഐ ഇ.ഡി ബിജു മുമ്പാകെ ഹാജരായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരായ ദിവസം തന്നെ മൂന്ന് പ്രതികളുടെയും അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മൂവരെയും ചോദ്യം ചെയ്ത് വിട്ടയച്ചു എന്നുമാത്രമാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടായാൽ ആൾ ജാമ്യത്തിൽ പ്രതികളെ വിട്ടയക്കണമെന്ന നിബന്ധനയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി നിർദേശിച്ചിരുന്നത്.
എന്നാൽ, ഭരണതലത്തിൽ വരെ പിടിപാടുള്ള പ്രതികളുടെ അറസ്റ്റ് വാർത്ത പുറത്തുവിടാൻ പാടില്ലെന്ന ഉന്നതരുടെ നിർദേശപ്രകാരമാണ് മൂടിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം. മദ്യനിർമാണത്തിന് മധ്യപ്രദേശിൽനിന്നും ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽനിന്ന് 20,386 ലിറ്റർ മറിച്ചുവിറ്റ സംഭവത്തിൽ പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ പിടിയിലായ നാല് പ്രതികൾ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.