ഒറ്റമുറിക്കൂരയിലിരുന്ന് ശ്രീലക്ഷ്മി കണ്ടത് ഡോക്ടറാകണമെന്ന സ്വപ്നം; ഇനി വേണ്ടത് നാടിന്റെ പിന്തുണ
text_fieldsഅടൂർ (പത്തനംതിട്ട): മൺകട്ട കെട്ടിയ ഒറ്റമുറിക്കൂരയിലിരുന്ന് ശ്രീലക്ഷ്മി കാണുന്നത് ഡോക്ടറാകണമെന്ന വലിയ സ്വപ്നമാണ്. കടമ്പനാട് തൂവയൂർ തെക്ക് പാണ്ടിമലപ്പുറത്തിന് കിഴക്ക് പറങ്കിമാംവിളയിൽ മൂർത്തിവിളയിൽ വീട്ടിൽ മധുവിെൻറയും ശ്രീകലയുടെയും മകളാണ് ശ്രീലക്ഷ്മി. ആത്മവിശ്വാസത്തോടെ കഷ്ടപ്പാടുകളോട് പൊരുതിയാണ് എം.ബി.ബി.എസ് പ്രവേശനമെന്ന നേട്ടം കൈവരിച്ചത്. കോയമ്പത്തൂർ ഇ.എസ്.ഐ മെഡിക്കൽ കോളജിലാണ് പ്രവേശനം ലഭിച്ചത്.
മധുവിെൻറ കുടുംബവീടാണ് വാസയോഗ്യമല്ലാത്ത ഈ കൊച്ചുകൂര. ഏഴ് അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. മധുവിെൻറ സഹോദരിയും കുഞ്ഞും അച്ഛനും ഇവിടെയാണ് താമസം. സ്വന്തമായി ഒരുസെൻറ് സ്ഥലമോ വീടോ മധുവിനില്ല. ശ്രീകല കശുവണ്ടി തൊഴിലാളിയാണ്. ചൂരക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടുവിന് മികച്ച വിജയം നേടിയ ശ്രീലക്ഷ്മി കൊല്ലത്തെ സ്വകാര്യ പരിശീലന കേന്ദ്രത്തിലാണ് എൻട്രൻസ് പരിശീലനം നേടിയത്.
പരിശീലനത്തിന് വിവിധ മൈക്രോ ഫിനാൻസുകളെ ആശ്രയിച്ചു. ദേശീയ പ്രവേശന പരീക്ഷ എഴുതിയ ശ്രീലക്ഷ്മിക്ക് കശുവണ്ടി തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണാനുകൂല്യത്തിലാണ് കോയമ്പത്തൂർ കോളജിൽ പ്രവേശനം ലഭിച്ചത്. തുടർപഠനത്തിന് സാമ്പത്തികമാണ് പ്രതിസന്ധി. സുമനസ്സുകളുടെ സഹായം ലഭിച്ചാൽ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ശ്രീലക്ഷ്മിയുടെ ഫോൺ: 9544966707.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.