ഒരുദിവസം മാത്രം ഇടവേള; സംസ്ഥാന സ്കൂള്‍ കായിക മേള ഇന്ന് പ്രതീക്ഷയോടെ ജില്ലയുടെ താരങ്ങള്‍
text_fieldsപത്തനംതിട്ട: ജില്ല സ്കൂൾ കായികമേള കഴിഞ്ഞ് ഒരുദിവസത്തെ ഇടവേളയിൽ കായികതാരങ്ങൾ തിങ്കളാഴ്ച വീണ്ടും കളത്തിലേക്ക്. തിങ്കളാഴ്ച കുന്നംകുളത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ജില്ലതല വിജയികൾ രാവിലെ യാത്ര പുറപ്പെടും. രാവിലെ 8.30ന് ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിൽ എത്താനാണ് താരങ്ങള്‍ക്കുള്ള നിര്‍ദേശം. ഇരുനൂറോളം കുട്ടികളാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്. ജില്ല ടീമിനൊപ്പം 10 അധ്യാപകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇരവിപേരൂർ സെന്റ് ജോണ്‍സ് സ്കൂളില്‍നിന്നുമാണ് കൂടുതൽ കുട്ടികളുള്ളത്. മത്സരങ്ങളിൽ പങ്കെടുക്കുന്നവര്‍ക്ക് ജില്ല പഞ്ചായത്ത് വക ജേഴ്സി നല്കി. കുന്നംകുളത്ത് വിവിധ സ്കൂളുകളിലാണ് താമസ സൗകര്യം ക്രമീകരിച്ചിട്ടുള്ളത്. തൃശൂരിൽ ട്രെയിൻ ഇറങ്ങിയ ശേഷം കുന്നംകുളത്തേക്ക് 45 മിനിറ്റോളം ബസിൽ യാത്ര ചെയ്താൽ മാത്രമേ കായികമേള നടക്കുന്ന സ്ഥലത്ത് എത്താൻ കഴിയൂ. ഓരോ ജില്ല ടീമും സ്വന്തം നിലയിൽ കുന്നംകുളത്തെത്താനാണ് നിര്‍ദേശം.
വിശ്രമമില്ല; അവർ ക്ഷീണിതരാണ്
ഓടിത്തളര്‍ന്നാണ് കുട്ടികൾ ഇന്നു മുതൽ വീണ്ടും ഗ്രൗണ്ടിലേക്കിറങ്ങുന്നത്. സംസ്ഥാന സ്കൂൾ കായികമേളയുടെ സമയക്രമീകരണത്തിൽ വരുത്തിയ മാറ്റം കാരണം ഉപജില്ല, ജില്ലതല മത്സരങ്ങൾ പുനഃക്രമീകരിച്ചാണ് നടത്തിയത്. ഉപജില്ല മത്സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ജില്ലതല മത്സരം ആരംഭിച്ചു. ജില്ലതല മത്സരമാകട്ടെ പൂര്‍ത്തിയായത് ശനിയാഴ്ചയാണ്. മെച്ചപ്പെട്ട സ്റ്റേഡിയങ്ങളോ ഗ്രൗണ്ടുകളോ ഇല്ലാത്ത ജില്ലയിൽ കായിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശീലനം ലഭിച്ച കുട്ടികളും കുറവാണ്.
മുന്‍വര്‍ഷങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ ജില്ല പിന്നാക്കം പോയതും ഈ കുറവിലാണ്. ഇത്തവണയാകട്ടെ കുട്ടികൾ ഏറെ ക്ഷീണിതരുമാണ്. ശാരീരിക, മാനസിക സമ്മർദങ്ങൾ ഒരേപോലെ കുട്ടികളെ ബാധിക്കും. ഓരോ മത്സരങ്ങൾക്ക് ശേഷവും ഒരാഴ്ച വിശ്രമം ലഭിക്കുന്ന രീതിയിലാണ് മുൻവർഷങ്ങളിൽ ഷെഡ്യൂളുകൾ ക്രമീകരിക്കാറുള്ളത്. എന്നാൽ, ഇക്കുറി ഇതിനു മാറ്റംവന്നു. തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളുടെ പ്രകടനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്ന് പരിശീലകരായ അധ്യാപകർ പറയുന്നു.
മീറ്റുകൾ ഒന്നിനു പിറകെ മറ്റൊന്ന്
സെപ്റ്റംബർ 30 മുതൽ പാലക്കാട്ട് നടന്ന സംസ്ഥാന അമച്വർ അത്ലറ്റിക് മീറ്റിൽ പങ്കെടുത്തവരാണ് സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നവരിൽ ഒരുവിഭാഗം. ഇതിനിടയിൽ കുറെയധികം പേര്‍ക്ക് പരീക്ഷയും കടന്നുവന്നു. പ്ലസ് ടു വിദ്യാര്‍ഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞയാഴ്ച നടന്നു. 17 വരെ തെലങ്കാനയിൽ നടക്കുന്ന ദക്ഷിണ മേഖല ജൂനിയർ മീറ്റ് ഉപേക്ഷിച്ച് സംസ്ഥാനതല മത്സരത്തിലേക്ക് പുറപ്പെട്ടവരുണ്ട്. അക്കാദമിക് കലണ്ടർ പ്രകാരം ഉപജില്ല, ജില്ല മത്സരങ്ങൾ ഒക്ടോബറിലാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. സംസ്ഥാനതല മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിലും.
എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെയാണ് സംസ്ഥാനതല മത്സരങ്ങൾ പുനഃക്രമീകരിച്ചത്. 25 മുതൽ നവംബർ ഒമ്പതുവരെ ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിന് കേരളത്തിൽനിന്നുള്ള ഒഫീഷ്യലുകൾക്ക് പങ്കെടുക്കാനാണ് സംസ്ഥാന കായികമേള നേരത്തേയാക്കാൻ തീരുമാനിച്ചതെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.