തെരുവുകൾ കൈയടക്കി നായ്ക്കൂട്ടം
text_fieldsപത്തനംതിട്ട: ജില്ലയിലെ തെരുവുകൾ നായ്ക്കൾ കൈയടക്കുന്നു. നഗരഗ്രാമ വ്യത്യാസമില്ലാതെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ബഹളമാണ്. ഇവയിൽ ഭൂരിഭാഗവും അക്രമകാരികളും രോഗബാധിച്ചവയുമാണ്. സ്കൂൾ തുറന്നതോടെ ഇവ കുട്ടികൾക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് വന്ധ്യംകരണത്തിനു വിധേയമാക്കി തിരികെ അതത് സ്ഥലങ്ങളിൽ കൊണ്ടെത്തിച്ചവയിൽ മിക്കവയും അക്രമവാസന കാട്ടുന്നു. വഴിയാത്രികരും ഇരുചക്ര വാഹന യാത്രികരും പലപ്പോഴും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
പ്രായം ചെന്നവരും രോഗബാധിതരും കുരച്ചുകൊണ്ട് അടുക്കുന്നവയെ തുരത്താൻ പാടുപെടുകയാണ്. നായ്ക്കളുടെ നിർമാർജന പ്രക്രിയകൂടി നിലച്ചതോടെ പലയിടത്തും എണ്ണം പെരുകി. ശരീരം പൊട്ടിയൊഴുകുന്നതും കവിളിനു മുറിവുള്ളതും വ്രണങ്ങൾ രൂപപ്പെട്ടതുമായ നിരവധി നായ്ക്കളെ തെരുവുകളിൽ കാണാം. വേദനയും പട്ടിണിയും കാരണമാണ് ഇവ പലപ്പോഴും ക്രൂരത കാട്ടുന്നത്. മഴക്കാലം കൂടി ആയതോടെ വ്യാപാര സ്ഥാപനങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെ തിണ്ണകളിലും ഇടനാഴികളിലും അഭയം തേടുന്നതും പതിവായി.
ബസ്സ്റ്റാൻഡ് ടെർമിനലുകൾ, വെയ്റ്റിങ് ഷെഡുകൾ, സ്റ്റേഡിയം, പവിലിയനുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്ക്കളുടെ അഭയകേന്ദ്രങ്ങളാണ്. പത്തനംതിട്ട പൊലീസ് സ്റ്റേഷൻവരെ ഇവയുടെ താവളമാണ്. അടുത്തിടെ പൊലീസ് സ്റ്റേഷനിലെത്തിയ രണ്ടുപേർക്ക് നായുടെ കടിയേറ്റു. കാൽനടക്കാരായി എത്തുന്നവർക്കുനേരെ ഏതു സമയവും അക്രമകാരികളാകും. ഇരുചക്രവാഹന യാത്രക്കാരും തെരുവുനായ്ക്കളുടെ ഇരകളാകുന്നു. വാഹനങ്ങൾക്കു കുറുകെ ചാടുന്ന നായ്ക്കൾ ഉണ്ടാക്കുന്ന അപകടങ്ങളേറെയാണ്. നായ്ക്കളെ നശിപ്പിക്കാൻ അനുവാദമില്ലാത്തതിനാൽ തടയാനാകില്ലെന്ന നിലപാടാണ് തദ്ദേശസ്ഥാപനങ്ങൾ.
അങ്ങാടിയിൽ ആറുപേർക്ക്കടിയേറ്റു
റാന്നി: തെരുവുനായുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ പത്തോടെ അങ്ങാടി പേട്ട ജങ്ഷന് സമീപത്താണ് സംഭവം. റോഡിലൂടെ പോയ യാത്രക്കാരെയാണ് ആക്രമിച്ചത്. ഉന്നക്കാവ് കുറ്റിയിൽ പാറക്കൽ രാജേഷ് (42), പുല്ലൂപ്രം വെട്ടിമേൽ എബ്രഹാം (51), റാന്നി കിഴക്കേപറമ്പിൽ സ്വാമി (67), കുമ്പളാംപൊയ്ക തൊട്ടിയിൽ ജോയി മാത്യു (68), അങ്ങാടി പഞ്ചായത്ത് ജീവനക്കാരായ കൂടൽ ആനന്ദഭവനിൽ ആരതി (41), ഇടകടത്തി കാവുങ്കൽ സിനി ജേക്കബ് (41) എന്നിവർക്കാണ് പരിക്ക്. താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
കുട്ടികൾ ഭയത്തിൽ
കോന്നി: കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. പകലുപോലും തെരുവുനായ്ക്കൾ നിരത്തുകൾ കൈയടക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കണം. വിഷയത്തിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ അടക്കം അടിയന്തരമായി ഇടപെടണം. രണ്ടു മാസത്തിൽ നിരവധി പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇപ്പോൾ തെരുവുനായ്ക്കളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്നതോടെ കുട്ടികളും വലിയ ഭീഷണിയാണ് നേരിടുന്നത്.
- വിഷ്ണു കെ. ഷൈലജൻ, എലിമുള്ളുംപ്ലാക്കൽ, കോന്നി
അടൂരിൽ നടപടി സ്വീകരിക്കണം
അടൂർ: നഗരസഭയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ഞാനും കുടുംബവും തൊഴിലിടത്തിലും മറ്റ് ആവശ്യങ്ങൾക്കും പോകുന്നത് തെരുവുനായ്ക്കളെ ഭയന്നാണ്.
സ്കൂൾ തുറന്നതോടെ വിദ്യാർഥികളും ബുദ്ധിമുട്ടുന്നു. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുപോലും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. നായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാൻ നഗരസഭ അധികൃതർ സത്വര നടപടി സ്വീകരിക്കണം.
- നൗസി ഇബ്രാഹിം, അടൂർ
നഷ്ടപരിഹാരം തേടാം
തെരുവുനായ്ക്കളുടെ ആക്രമണത്തിലും അവ മൂലമുണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം തേടാൻ വ്യവസ്ഥയുണ്ട്. എന്നാൽ, വളരെക്കുറച്ച് ആളുകൾ മാത്രമേ ഇതിന്റെ പിന്നാലെ പോകാറുള്ളൂ. സുപ്രീംകോടതി നിർദേശപ്രകാരം കൊച്ചിയിൽ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മൂന്നംഗ കമ്മിറ്റിക്കാണ് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകേണ്ടത്. തെരുവുനായ് ആക്രമിക്കുകയോ അപകടങ്ങളുണ്ടാകുകയോ ചെയ്താൽ വിവരങ്ങൾ അപേക്ഷയായി എഴുതി അതോടൊപ്പം ചികിത്സ തേടിയ ആശുപത്രിയുടെ ഒ.പി ടിക്കറ്റ്, ബില്ലുകൾ, മരുന്നുകളുടെ ബില്ല്, വാഹനത്തിനുണ്ടായ കേടുപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചെലവായ തുക എന്നിവ അയച്ചു നൽകിയാൽ മതിയാകും. പരാതി ന്യായമെന്നു കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന് നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം നഷ്ടപരിഹാരം ലഭ്യമാക്കും.
വിലാസം: ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി, കോർപറേഷൻ
ബിൽഡിങ്, പരമാര റോഡ്, എറണാകുളം നോർത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.