തെരുവുനായ് ആക്രമണം; കടിയേറ്റവർ നിരവധി, നായ്ക്കൾക്ക് പേവിഷബാധ ഉള്ളതായി സംശയം
text_fieldsപത്തനംതിട്ട: ജില്ലയിൽ പലയിടത്തും തെരുവുനായ് ആക്രമണം. നായ്കൾക്ക് പേവിഷബാധ ഉള്ളതായി സംശയം. ചൊവ്വാഴ്ച വകയാർ, കൊല്ലംപടി, കലഞ്ഞൂർ മേഖലകളിൽ നിരവധിേപരെ കടിച്ചു. കോന്നി കലഞ്ഞൂർ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ പാഞ്ഞ് നടന്ന് തെരുവുനായ് വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു.
ചെവ്വാഴ്ച രാവിലെ കലഞ്ഞൂർ ഭാഗത്താണ് ആദ്യം നായുടെ ആക്രമണമുണ്ടായത്. രാവിലെ റോഡിൽകൂടി നടന്നുപോയവരെയാണ് കടിച്ചത്. ലോട്ടറി വിൽപനക്കാർ, ബസ് കാത്തുനിന്നവർ, കുട്ടികൾ തുടങ്ങിയവരെയെല്ലം കടിച്ചു. വീടുകളിലെ വളർത്തുമൃഗങ്ങളെയും കടിച്ചു. വകയാർ, കലഞ്ഞൂർ, കോന്നി, അതിരുങ്കൽ, കൂടൽ എന്നിവിടങ്ങളിൽനിന്നുള്ള 10പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു.
വകയാർ സ്വദേശികളായ തോമസ് വർഗീസ്, ജിത്തുമിനി, കലഞ്ഞൂർ സ്വദേശികളായ ജ്യോതികുമാർ, വൈഗ, രാജൻ നായർ, കോന്നി സ്വദേശികളായ അനിൽകുമാർ, ഇതര സംസ്ഥാന തൊഴിലാളിയായ അജാസ് റഹ്മാൻ, രാധ, സിദ്ധാർഥ് വിനോദ്, ദേവൂട്ടി എന്നിവരാണ് ചികിത്സ തേടിയത്. എല്ലാവർക്കും പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞദിവസം ഇലന്തൂർ വാര്യാപുരത്ത് നിരവധി പേരെയാണ് കടിച്ചത്. ഇവരെല്ലാം ജനറൽ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. രാവിലെയും സന്ധ്യസമയങ്ങളിലുമാണ് തെരുവുനായ് ശല്യം രൂക്ഷം. പത്തനംതിട്ട നഗരത്തിലും ശല്യം രൂക്ഷമാണ്. നഗരത്തിെൻറ പല പ്രദേശങ്ങളിലും രാത്രിസഞ്ചാരം പോലും സാധ്യമല്ല. ഇരുചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ച് ചാടുന്നതും കടിക്കാൻ തുനിയുന്നതും പതിവാണ്.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിലാണ് പത്തനംതിട്ട നഗരമെന്ന് നാട്ടുകാർ കുറ്റെപ്പടുത്തുന്നു. റോഡിന് നടുവിലും വാഹനങ്ങൾക്കരികിലും നടവഴിയിലുമെല്ലാം ഇവയുടെ ശല്യമാണ്. മാസങ്ങൾക്ക് മുമ്പും തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധിപേരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. മാലിന്യം തള്ളുന്ന സ്ഥലങ്ങളായ റിങ് റോഡിലും നഗരത്തിലെ ഇടവഴികളിലുമാണ് അധികവും വിഹരിക്കുന്നത്. സ്റ്റാൻഡ് പരിസരത്തും പൊലീസ് സ്റ്റേഷൻ റോഡിലും ഡോക്ടേഴ്സ് ലൈൻ റോഡിലുമെല്ലാം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നു. വന്ധ്യംകരണ പദ്ധതി ഏറെനാളായി മുടങ്ങിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.