ബസ്സ്റ്റാൻഡിലേക്കാണോ കടിയേൽക്കാതെ സൂക്ഷിക്കുക...!
text_fieldsപത്തനംതിട്ട: യാത്രക്കാർ കൈയിൽ വടികരുതേണ്ട അവസ്ഥയാണ് സ്റ്റാൻഡിൽ എത്തിയാൽ. പത്തനംതിട്ടയിലെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് നായ്ക്കളുടെ ശല്യം രൂക്ഷമായത്. ഇവയുടെ ശല്യം കാരണം ഇവിടേക്ക് വരാൻ തന്നെ സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ ഭയക്കുന്നു. സദാസമയവും 20ഓളം നായ്ക്കൾ ബസ്സ്റ്റാൻഡിലുണ്ട്. ബസ് കയറാൻ എത്തുന്ന പ്രായമായവരുടെയും കുട്ടികളുടെയും നേർക്കു കുരച്ചുചാടി എത്തുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം രാവിലെ നായ്ക്കൾ പരസ്പരം കടികൂടിയത് ഭീതി പരത്തി. ഈ സമയത്ത് ബസിൽ കയറാനെത്തിയ യാത്രക്കാരെയും നായ്ക്കൂട്ടം ഭീതിപ്പെടുത്തി. ജീവനക്കാർ വടിയുമായെത്തി ഇവയെ വിരട്ടിയോടിച്ചാണ് യാത്രക്കാരെ രക്ഷിച്ചത്. ഓടിപ്പോയ നായ്ക്കൾ അൽപം കഴിഞ്ഞ് വീണ്ടും തിരിച്ചെത്തി. യാത്രക്കാരെ കയറ്റാനായി സ്റ്റാൻഡ് പിടിക്കുന്ന ബസിനടിയിലാണ് നായ്ക്കൾ കിടക്കുന്നത്.
സ്റ്റാൻഡ് വൃത്തിഹീനമായി കിടക്കുന്നതാണ് നായ്ക്കൾ ഇവിടെ തമ്പടിക്കാൻ ഇടയാക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിലെയും ബേക്കറികളിലെയും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ സ്റ്റാൻഡിലെ വിവിധയിടങ്ങളിലെ തുറസ്സായ സ്ഥലത്താണ് തള്ളുന്നത്. ഇവ തിന്നാൻ കടിപിടി കൂടുന്നതും പതിവ് കാഴ്ചയാണ്. യാതൊരു ശുചീകരണവും ഇവിടെ നടക്കാറേയില്ല. കച്ചവടക്കാരും ബസ് ജീവനക്കാരും സകല മാലിന്യവും അലക്ഷ്യമായി സ്റ്റാൻഡിലേക്ക് വലിച്ചെറിയുകയാണ്. ഭക്ഷണം കഴിച്ച ശേഷം ഇലകൾ പോലും യാർഡിലാണ് ഇടുന്നത്.
മാലിന്യം നിറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായ ഓടകളിൽ എലികൾ പെറ്റുപെരുകി കിടക്കുകയാണ്. സ്റ്റാൻഡിന്റെ നവീകരണവും ഇതുവരെ നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.