മാലിന്യ നിർമാർജന പ്രവർത്തനങ്ങളോട് മുഖംതിരിച്ച് തദ്ദേശ സ്ഥാപനങ്ങൾ
text_fieldsപത്തനംതിട്ട: മാലിന്യത്തിന്റെ അളവ് കുറക്കാനും പ്രകൃതിസൗഹൃദ ഉൽപന്ന ഉപയോഗം വർധിപ്പിക്കാനും കർമപരിപാടിയുമായി ശുചിത്വമിഷൻ രംഗത്തിറങ്ങിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കാര്യമായി സഹകരണമില്ല. ശുചിത്വമിഷൻ നേരിട്ടിറങ്ങിയിട്ടും ഇതുതന്നെയാണ് സ്ഥിതി.
ഗ്രാമ, േബ്ലാക്ക്, ജില്ല പഞ്ചായത്ത് തലങ്ങളിൽ ശുചിത്വപ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. ക്ഷേത്ര ഉത്സവങ്ങൾ, കൺവെൻഷനുകൾ, പെരുന്നാളുകൾ എന്നിവയുടെ സീസൺ ആയതോടെ ഹരിതചട്ടം കർശനമായി പാലിക്കാൻ ശുചിത്വമിഷൻ ഇടപെടും. മാരാമൺ കൺവെൻഷൻ, ചെറുകോൽപ്പുഴ കൺവെൻഷൻ എന്നിയുടെ സംഘാടകരുമായി സഹകരിച്ച് മാതൃകാ ഹരിതചട്ടം നടപ്പാക്കാനും ആലോചനുണ്ട്.
ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്വകാര്യ മേഖല ഓഫിസുകൾ, ഓഡിറ്റോറിയങ്ങൾ, കൺവെൻഷൻ സെന്ററുകൾ, ബസ് സ്റ്റേഷനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, രാഷ്ട്രീയ-മത സമുദായ സംഘടനകളുടെ പരിപാടികൾ, സമ്മേളനങ്ങൾ, എക്സിബിഷനുകൾ, ഫെസ്റ്റുകൾ, കൾച്ചറൽ ഈവന്റുകൾ തുടങ്ങിയവയിൽ എല്ലാം കർശനമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനാണ് നിർദേശം. പരിപാടികളുടെ ഭാഗമായി ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിൽ സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിക്കണം. കുടിവെള്ള വിതരണത്തിന് സ്റ്റീൽ ഗ്ലാസുകൾ ഉപയോഗിക്കാനും നിർദേശമുണ്ട്.
പരിപാടിയുടെ അറിയിപ്പിന് തുണി ബാനറുകൾ ഉപയോഗിക്കുക, പ്ലാസ്റ്റിക് അലങ്കാരങ്ങൾ പാടില്ല തുടങ്ങിയവയാണ് ഗ്രീൻ പ്രോട്ടോക്കോൾ നിർദേശങ്ങൾ. എന്നാൽ, നിർദേശങ്ങൾ പാലിച്ച് പരിപാടികൾ നടത്തുമ്പോൾ ചെലവേറും. സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കാനുള്ള ചെലവ് സംഘാടകർ വഹിക്കേണ്ടി വരും. കർശന നിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും ശബരിമല തീർഥാടന കാലത്ത് ഇത് വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ ആകെ പിഴ നോട്ടീസ് അയച്ചത് 57,000 രൂപ മാത്രമാണ്. പിരിച്ചെടുത്തത് 2500രൂപയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.