മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം: നിര്‍ദേശങ്ങളുമായി മൃഗ സംരക്ഷണ വകുപ്പ്
text_fieldsപത്തനംതിട്ട: വളർത്തുമൃഗങ്ങളെ കൊടുംചൂടിൽനിന്ന് സംരക്ഷിക്കാൻ നിര്‍ദേശങ്ങളുമായി ജില്ല മൃഗ സംരക്ഷണ വകുപ്പ്. വെയില് ഏല്ക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യാതപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാന്‍ ശ്രദ്ധിക്കുക. വലിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് നിര്‍ബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം.
തൊഴുത്തുകളില്‍ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കില്‍ ഫാനുകള്‍ സ്ഥാപിക്കുക. മേല്‍ക്കൂരക്ക് മുകളില്‍ പച്ചക്കറിപ്പന്തല്‍/ സ്പ്രിങ്ക്ലര്‍/നനച്ച ചാക്കിടുന്നത് ഉത്തമം.
പകല്‍ ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം. കാലിത്തീറ്റ രാവിലെയും വൈകീട്ടുമായും വക്കോല് രാത്രിയിലുമായി ക്രമപ്പെടുത്തുക.
ധാതുലവണ മിശ്രിതം, അപ്പക്കാരം വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍നിന്ന് നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകള്‍ എന്നിങ്ങനെ സൂര്യാതപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ വിദഗ്ധ ചികിത്സ തേടണം. കന്നുകാലികള്‍ക്കു സൂര്യാതപമേറ്റെന്നു വ്യക്തമായാല്‍ വെള്ളം നനച്ചു നന്നായി തുടക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം.
തുടര്‍ന്ന് കഴിയുന്നത്ര വേഗത്തില്‍ മൃഗാശുപത്രിയില്‍ ചികിത്സ ലഭ്യമാക്കണം. അരുമകളായ നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍, തുടങ്ങിയവക്ക് ശുദ്ധമായ കുടിവെള്ളവും പ്രോബയോട്ടിക്സും നല്കാന് ശ്രദ്ധിക്കുക. അരുമകളുമായുള്ള യാത്രകള്‍ കഴിവതും രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.