വേനൽ കടുത്തു; വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു
text_fieldsപത്തനംതിട്ട: വേനൽ കടുത്തതോടെ ജില്ലയിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. ജില്ലയിലെ കഴിഞ്ഞ ദിവസത്തെ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസായിരുന്നു.
പൊള്ളുന്ന വേനൽച്ചൂടിൽനിന്ന് ആശ്വാസം ലഭിക്കുന്നതിനായി എ.സി, കൂളർ തുടങ്ങിയ വൈദ്യുതോപകരണങ്ങളുടെ തുടർച്ചയായ പ്രവർത്തനത്തെത്തുടർന്ന് ജില്ലയിൽ വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്.
വൻ വൈദ്യുതി ബില്ലുകളാണ് മിക്ക വീടുകളിലും ലഭിക്കുന്നത്. ഇത്തവണ ജനുവരിയോടെ തന്നെ വേനൽച്ചൂട് ശക്തമായി. കഴിഞ്ഞ വർഷം ജനുവരിയിൽ ജില്ലയിൽ മൊത്തം 5.4 കോടി യൂനിറ്റ് വൈദ്യുതി ഉപഭോഗഗമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 5.77 കോടി യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.
ജില്ലയിൽ കഴിഞ്ഞ ജനുവരിയിൽ ഒരുദിവസം 18 ലക്ഷം യൂനിറ്റ് വൈദ്യുതിയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇത്തവണ 19 ലക്ഷം യൂനിറ്റായി.
വീടുകളും സ്ഥാപനങ്ങളും സമം
വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗം കൂടിയിട്ടുണ്ട്. മിക്ക വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗം വർധിച്ചിട്ടുണ്ട്. ഉച്ചസമയങ്ങളിലും വൈകീട്ടുമാണ് വൈദ്യുതി ഉപഭോഗം കൂടുതലായുള്ളത്. ഉൽസവ സീസൺ കൂടിയായതിനാൽ ഉപയോഗം വർധിക്കാൻ കാരണമായി.
നിരക്കും പൊള്ളുന്നു
വേനൽച്ചൂടിന്റെ കാഠിന്യത്തെക്കാൾ ജനങ്ങളെ വലക്കുന്നത് കുത്തനെ കൂട്ടിയ വൈദ്യൂതി നിരക്കാണ്. സാധാരണ വീടുകളിൽ പോലും 1500 രൂപക്ക് മുകളിൽ വൈദ്യുതി ബില്ല് ലഭിക്കുന്നുണ്ട്.
അണക്കെട്ടുകൾ വരളുന്നു
വേനൽ ശക്തമായി തുടർന്നാൽ അത് വൈദ്യൂത ഉൽപാദനത്തെയും കാര്യമായി ബാധിക്കും. ജില്ലയിലെ പ്രധാന ജലസംഭവരണികളെല്ലാം വറ്റിവരളുകയാണ്. ശക്തമായ മഴ ലഭിക്കാത്തതിനാലാണ് സംഭരണികൾ വറ്റുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി അടക്കമുള്ളവയിലേക്ക് ഒഴുകി എത്താൻ വെള്ളമില്ലാത്ത അവസ്ഥയാണ്.
ജലനിരപ്പ് അഞ്ചുശതമാനം ആകുന്നതുവരെ വൈദ്യുത പദ്ധതികൾ പ്രവർത്തിപ്പിക്കാൻ കഴിയുമെങ്കിലും ഉടൻ ശക്തമായ മഴ ലഭിക്കാത്ത പക്ഷം വൈദ്യുതി ഉൽപാദനം നിർത്തിവെക്കേണ്ട അവസ്ഥയിലേക്ക് എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.