വേനല്‍ കത്തുന്നു; 37 ഡിഗ്രി സെൽഷ്യസ്
text_fieldsപത്തനംതിട്ട: വേനല്‍ക്കാലത്തിന് മുന്നോടിയായി ജില്ലയിലെങ്ങും ചൂട് കൂടിവരുകയാണ്. ഒരാഴ്ചയില്‍ ജില്ലയിലെ വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഏനാദിമംഗലം, സീതത്തോട്, വെണ്‍കുറിഞ്ഞി, തിരുവല്ല തുടങ്ങിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ ചില ദിവസങ്ങളില്‍ ശരാശരി താപനിലയെക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത. രാത്രി തണുപ്പ് നേർത്ത് വരുന്നു. ഇടക്ക് ചാറ്റൽ മഴയും ചില പ്രദേശങ്ങളിൽ ലഭിക്കുന്നുണ്ട്. സംസ്ഥാനത്താകെ ചൂട് കനക്കുന്നതായി കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അധികൃതർ വ്യക്തമാക്കി. സാധാരണ താപനിലയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രിവരെ സെല്‍ഷ്യസ് താപനില ഉയരാനാണ് സാധ്യത. ഇതിനിടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ജനുവരി 15ഓടെ കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതോടെ മഴകുറയുകയും ചൂട് കൂടാൻ തുടങ്ങുകയും ചെയ്തു.
അതേസമയം, കേരളം തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം ഉണ്ടായിരുന്നു. വരുംദിവസങ്ങളിൽ ചൂട് കനക്കുന്നത് സൂര്യാതപത്തിനു സാധ്യതയും വർധിപ്പിക്കുന്നു. പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ജോലി സമയത്തിന് ക്രമീകരണവും തൊഴിൽ വകുപ്പ് ആലോചിച്ച് തുടങ്ങി. നദികളിലും തോടുകളിലും ജലനിരപ്പ് കുറഞ്ഞുതുടങ്ങി. കിഴക്കൻ മേഖലയിലെ ജലസംഭരണികളിലേക്ക് വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്നെ കുടിവെള്ള ക്ഷാമം നേരിടുന്ന മലയോര ജില്ലയിൽ വേനൽ കനക്കുന്നതോടെ കടുത്ത ബുദ്ധിമുട്ടിലാകും കുടുംബങ്ങൾ. തീപിടിത്ത സാധ്യതകളും വർധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ജലം അമൂല്യം
1. വീടുകളിലെ വാഷ് ബേസിൻ, ടോയ്ലറ്റ്, മറ്റ് പൈപ്പുകള്‍ എന്നിവയില്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തുക
2. കുളിമുറിയില്‍ ഷവര്‍ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കാന്‍ പരിമിതമായ അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക
3. പല്ലുതേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പില്‍ വെള്ളമെടുത്ത് ഉപയോഗിക്കുക
4. ഫ്ലഷ് ടാങ്ക് ഉപയോഗിക്കുമ്പോള്‍ നിയന്ത്രിത അളവില്‍ ആവശ്യത്തിന് മാത്രം വെള്ളം ഫ്ലഷ് ചെയ്യുക
5. സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോള്‍ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക
6. തുണി അലക്കുമ്പോഴും അടുക്കളയില്‍ പാത്രം കഴുകുമ്പോഴും പൈപ്പുകള്‍ തുറന്നുവിടാതിരിക്കുക
7. വാഷിങ് മെഷീന് ഉപയോഗിക്കുമ്പോള്‍ അനുവദനീയമായ അളവില്‍ വസ്ത്രങ്ങള്‍ നിറച്ച് മാത്രം ഉപയോഗിക്കുക
8. പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ പൈപ്പ് തുറന്നുവിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കുന്നതിന് ഉപയോഗിക്കുക
9. ചെടികള്‍ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ മാത്രമാക്കുക. കടുത്ത വെയിലില്‍ ചെടികള്‍ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാന്‍ കാരണമാവും
10. വാഹനങ്ങള്‍ കഴുകുന്നത് അത്യാവശ്യത്തിന് മാത്രം ആക്കുക. കഴുകുമ്പോള്‍ ഹോസ് ഉപയോഗിക്കാതെ ബക്കറ്റില്‍ വെള്ളം നിറച്ച് കഴുകുക
11. തുള്ളിനന, ചകിരി ട്രഞ്ച്, മള്‍ച്ചിങ് രീതി, തിരിനന തുടങ്ങി ജലോപയോഗം കുറക്കുന്ന ശാസ്ത്രീയമായ ജലസേചന രീതികളിലൂടെ ആവശ്യമായ വെള്ളം കാര്യക്ഷമായി ഉപയോഗിക്കുക.
തീപിടിത്തം തടയാം
1. വീടുകളില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക
2. ശക്തമായ കാറ്റുള്ള സമയത്ത് തീയിടാന്‍ പാടില്ല
3. തീപൂര്‍ണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്ഥലത്തുനിന്ന് മാറാന്‍ പാടുള്ളൂ. ആവശ്യമെങ്കില്‍ വെള്ളം നനച്ച് കനല് കെടുത്തുക
4. തീപടരാന് സാധ്യതയുള്ളവയുടെ സമീപത്തുവെച്ച് ചപ്പുചവറുകള്‍ കത്തിക്കാതിരിക്കുക
5. രാത്രിയില്‍ തീയിടാതിരിക്കുക
6. വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക
7. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകള്‍, കുറ്റിച്ചെടികള്‍ എന്നിവ വേനല്‍ കടുക്കുന്നതിന് മുമ്പ് വെട്ടിവൃത്തിയാക്കുക
8. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേര്‍ന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
9. സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
10. തീപടരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുക
11. ശാരീരിക ക്ഷമതയും പ്രാപ്തിയുമുള്ളവര്‍ സമീപത്തുണ്ടെങ്കില്‍ മരച്ചില്ലകള്‍കൊണ്ട് അടിച്ചും വെള്ളമൊഴിച്ചും തീകെടുത്താന്‍ ശ്രമിക്കുക
12. സഹായം ആവശ്യമെങ്കില്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക.
13. ഫയര്‍ സ്റ്റേഷനില്‍ വിളിക്കുമ്പോള്‍ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാല്‍ കിട്ടുന്ന മൊബൈല്‍ നമ്പറും കൃത്യമായി കൈമാറുക.
14. മുതിര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെ വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം എമര്‍ജന്‍സി നമ്പറുകളായ 101 (ഫയര്‍ ഫോഴ്സ്), 112 (പൊലീസ്) എന്നിവ പറഞ്ഞുകൊടുക്കുക
15. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധ ഈ കാര്യത്തില്‍ നല്‍കേണ്ടതുണ്ട്.
16. ക്യാമ്പ് ഫയര്‍ പോലുള്ള പരിപാടികള്‍ നടത്തുന്നവര്‍ തീ പടരാനുള്ള സാഹചര്യം കര്‍ശനമായും ഒഴിവാക്കണം
17. ബോധപൂര്‍വം തീപിടിത്തത്തിന് ഇടവരുത്തുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ സ്വീകരിക്കും.
സൂക്ഷിച്ചാൽ ദുഃഖിക്കണ്ട
വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് ജലവിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. ഉയര്‍ന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയില്‍ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍ മാലിന്യങ്ങള്‍ക്കും മറ്റും തീപിടിച്ചുണ്ടാകുന്ന അഗ്നിബാധക്ക് സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതല്‍ മേയ് ആദ്യം വരെയുള്ള കാലയളവില്‍ കാട്ടുതീക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.