ഞായർ ലോക്ഡൗൺ: വിശ്വാസികളുടെ സഹിഷ്ണുതയെ പുച്ഛിക്കരുത്, യുക്തിരഹിത നിയന്ത്രണം പിൻവലിക്കണം -എക്യൂമെനിക്കൽ അലയൻസ്
text_fieldsറാന്നി: ഞായറാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ദേശീയ വിശാല എക്യൂമെനിക്കൽ അലയൻസ് മേഖലായോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ച് നിശ്ചിത അകലത്തിൽ സുരക്ഷിതമായി ആളുകളെ പ്രവേശിപ്പിക്കുവാൻ കഴിയുമെന്നത് കണക്കിലെടുക്കണം. വിശ്വാസി സമൂഹത്തിന്‍റെ സഹിഷ്ണുതയെ പുച്ഛിക്കുന്ന തീരുമാനങ്ങളിൽ നിന്ന് പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ വിവിധ ആദ്ധ്യാത്മിക സംഗമങ്ങളായ മാരാമൺ, ചെറുകോൽപ്പുഴ, മാക്കാംകുന്ന് കൺവൻഷനുകൾ, മഞ്ഞിനിക്കര പെരുന്നാൾ തുടങ്ങിയവ ഈ മാസം സുഗമമായി നടത്തുവാൻ സാധിക്കുന്ന തരത്തിൽ ഇളവുകൾ ഉണ്ടാവണം. ദീർഘനാളുകളായി നടത്തിവരുന്ന യുക്തിരഹിതമായ നിയന്ത്രണങ്ങൾ മൂലം ആരാധനാലയങ്ങളിലെത്താൻ സാധിക്കാതെ പിരിമുറുക്കത്തിലായവരുടെ മാനസ്സീകാവസ്ഥ മനസ്സിലാക്കി സർക്കാർ തീരുമാനങ്ങൾ പുനഃപരിശോധിക്കണം.
കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടുതന്നെ ഞായറാഴ്ച്ച ആരാധനകൾ ജനപങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞില്ലെങ്കിൽ ക്രൈസ്തവ സമൂഹത്തിന് പ്രാധാന്യമുള്ളതും ആസന്നവുമായ വലിയ നോമ്പ് കാലഘട്ടത്തിലും തുടർന്നുള്ള പീഡാനുഭവവാരാചരണവും പ്രതിസന്ധിയിലാകുവാനിടയാകും. ഫാ. ബെൻസി മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു. ഫാ. കൊച്ചുമോൻ തോമസ് ഐക്കാട്ട്, റവ. തോമസ് കോശി പനച്ചമൂട്ടിൽ, ഫാ. തോമസ് മുണ്ടിയാനിക്കൽ, ഫാ.മാത്യൂസ് മാന്നാക്കുഴിയിൽ, ഫാ. ജോസഫ് വർഗീസ് പേരങ്ങാട്ട്, ഫാ. ടോം മാത്യു തൊടുവോപ്പുഴ, ഡീക്കൻ വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.